തൃശ്ശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് എടക്കഴിയൂർ ജുമാമസ്ജിദിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഫോറൻസിക് സർജൻ ഹിതേഷ് ശങ്കറിന്റെ നേതൃത്വത്തിലാണ് പരിശോധന. തൃശ്ശൂർ ജില്ലാ സബ് കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
മൃതശരീരം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റും അനുമതി നൽകി. ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് 2021 ജനുവരി 10നാണ് മരിച്ചത്. അന്ന് പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം സംസ്കരിച്ചത്.
2026 മാർച്ച് 20ന് ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മുഹ്സിനയും മരിച്ചു. ഭർത്താവ് മതിയായ ചികിത്സ നൽകാത്തതാണ് മരണത്തിന് കാരണമെന്ന് ആരോപിച്ച് മുഹ്സിനയുടെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ചാവക്കാട് സബ് ഇൻസ്പെക്ടർ കോടതിയിൽ അപേക്ഷ നൽകിയത്.
കോടതി നിർദേശപ്രകാരം ഇബ്രാഹിമിനും ഇയാളെ സഹായിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചേറ്റുവ റോഡിലെ ഫെയ്സിറ്റ അക്യുപങ്ചർ സ്ഥാപനം നടത്തുന്ന റുവൈദ ഫൈസൽ, അക്യുപങ്ചർ പ്രചാരകനായ കുറ്റിപ്പുറം സ്വദേശി ജുനൈദ് എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



