ആലപ്പുഴ: പുന്നമൂട്ടിൽ റെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മ അഖിലയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിത് (2) ആണ് മരിച്ചത്. 31 വയസ്സുകാരിയായ അഖില നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 6.45ഓടെ ളാഹ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ അമ്മയെയും കുഞ്ഞിനെയും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയുമെടുത്ത് അഖില റെയിൽവേ ട്രാക്കിൽ നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ അടുത്തെത്തിയപ്പോൾ മാറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) അറിയിച്ചു.
പരിക്കേറ്റ അഖിലയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില മെച്ചപ്പെടുന്ന മുറയ്ക്ക് തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.




