Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിഎംആർഎൽ–എക്സാലോജിക് കേസ്: എഫ്.ഐ.ആർ ഉത്തരവിനെതിരെ പിണറായിയുടെയും വീണയുടെയും അപ്പീൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ പിണറായി വിജയന്റെയും മകൾ ടി. വീണയുടെയും വാദങ്ങൾ പുറത്ത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നുമാണ് അപ്പീലിലെ പ്രധാന വാദം.

ഹൈക്കോടതി കേസിൽ കക്ഷി ചേർക്കുകയോ തങ്ങളുടെ വാദം കേൾക്കുകയോ ചെയ്തില്ലെന്നാണ് അപ്പീലിൽ പറയുന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൈമാറിയ വിവരങ്ങൾ മുദ്രവെച്ച കവറിലാണ് കോടതിയിൽ സമർപ്പിച്ചത്. ഈ വിവരങ്ങൾ തങ്ങൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും പിണറായി വിജയനും ടി. വീണയും ചൂണ്ടിക്കാട്ടുന്നു.

അഴിമതി നിരോധന നിയമത്തിലെ ഏഴ്, 13 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നും അപ്പീലിൽ വാദിക്കുന്നു. അഴിമതി തെളിയിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതും സ്വീകരിച്ചതും തെളിയിക്കണം. സി.എം.ആർ.എൽ നൽകിയ പണം സ്വകാര്യ കൺസൾട്ടന്റായ ടി. വീണയ്ക്കും അവരുടെ കമ്പനിയായ എക്സാലോജിക്കിനുമാണ് ലഭിച്ചത്. പിണറായി വിജയൻ ആരോടെങ്കിലും പണം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തതായി അന്വേഷണ വിവരങ്ങളിലില്ലെന്നും അപ്പീലിൽ പറയുന്നു.

മുഖ്യമന്ത്രിയെന്ന നിലയിൽ സി.എം.ആർ.എല്ലിന് അനുകൂലമായി പിണറായി വിജയൻ തീരുമാനങ്ങളെടുക്കുകയോ ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ഫയലുകളിൽ ഇടപെടുകയോ ചെയ്തതായി ഇ.ഡി റിപ്പോർട്ടിൽ പരാമർശമില്ലെന്നും വാദമുണ്ട്. സാമ്പത്തിക ഇടപാടുകളുമായി പിണറായി വിജയനെ ബന്ധിപ്പിക്കുന്ന തെളിവുകളോ കുറ്റകരമായ ഉദ്ദേശ്യമോ ഇല്ലെന്നാണ് അപ്പീലിലെ നിലപാട്.

അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ പൊതുപ്രവർത്തകർക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഈ നിയമവ്യവസ്ഥ സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനവും അന്വേഷണവും ഭരണഘടനയുടെ ഏഴാം പട്ടിക പ്രകാരം സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്നതാണ്. അഴിമതി ആരോപണങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താൻ അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ടെന്നും അപ്പീലിൽ പറയുന്നു. ഇ.ഡി വിവരങ്ങൾ കൈമാറിയെന്ന കാരണത്താൽ മാത്രം നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് വാദം.

2017 മുതൽ 2020 വരെയുള്ള കാലയളവിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഇ.ഡി വിവരങ്ങൾ കൈമാറിയത്. എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടത് നിയമപരമായ നടപടിയാണെന്നും അപ്പീലിൽ പറയുന്നു. ഈ ഉത്തരവ് റദ്ദാക്കി നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച സിംഗിൾ ബെഞ്ചിന്റെ നടപടി തെറ്റാണെന്നും വാദമുണ്ട്.

കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഇ.ഡി കൈമാറുന്ന വിവരങ്ങൾ സംസ്ഥാന അന്വേഷണ ഏജൻസികൾ പരിശോധിക്കണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു. വിവരങ്ങളിൽ നിന്ന് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നതായി വ്യക്തമാകുന്നുണ്ടോയെന്ന് സ്വതന്ത്രമായി പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കാവൂ. നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദേശമല്ല ഇ.ഡി നൽകിയതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.

കമ്പനി കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഗുരുതരമായ തട്ടിപ്പുകൾ അന്വേഷിക്കുന്ന അന്വേഷണ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ) വിശദമായ അന്വേഷണത്തിന് ശേഷമുള്ള പരാതിയിലും പിണറായി വിജയനെതിരെ കണ്ടെത്തലുകളോ കുറ്റപത്രമോ ഉണ്ടായിരുന്നില്ലെന്നാണ് മറ്റൊരു വാദം. ഇ.ഡി ആശ്രയിച്ച സി.എം.ആർ.എൽ ജീവനക്കാരുടെ മൊഴികൾ ഭീഷണിയും സമ്മർദവും ചെലുത്തി രേഖപ്പെടുത്തിയതാണെന്നും ഇവർ സത്യവാങ്മൂലത്തിലൂടെ മൊഴികൾ പിൻവലിച്ചിട്ടുണ്ടെന്നും അപ്പീലിൽ പറയുന്നു.

സമാന ആരോപണങ്ങളുമായി മാത്യു കുഴൽനാടൻ എം.എൽ.എ വിജിലൻസ് കോടതിയിൽ നൽകിയ ഹർജി തള്ളിയതും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ തുടർഹർജികൾ നേരത്തേ തള്ളിയതും അപ്പീലിൽ പരാമർശിക്കുന്നുണ്ട്.

അഭിഭാഷകൻ കെ.എം. ഷാജഹാൻ നൽകിയ ഹർജി പൊതുതാൽപ്പര്യ ഹർജിയാണെന്നും ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണെന്നും അപ്പീലിൽ വാദിക്കുന്നു. അതിനാൽ പരിഗണനാ അധികാരപരിധിക്ക് പുറത്തുനിന്ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് അസാധുവാണെന്നാണ് നിലപാട്.

ഹർജിക്കാരനായ കെ.എം. ഷാജഹാന് കേസിൽ വ്യക്തിപരമായ അവകാശലംഘനമോ നേരിട്ടുള്ള പങ്കോ ഇല്ലെന്നും അതിനാൽ ഹർജി നൽകാൻ അവകാശമില്ലെന്നും അപ്പീലിൽ പറയുന്നു. രാഷ്ട്രീയ പ്രേരിതമായാണ് ഹർജി നൽകിയതെന്നും ആരോപിക്കുന്നു. കെ.എം. ഷാജഹാൻ പരാതി നൽകി 48 മണിക്കൂറിനകവും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട് 24 മണിക്കൂറിനകവുമാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. ക്രിമിനൽ നടപടിക്രമത്തിലെ 175(3) വകുപ്പ് പ്രകാരമുള്ള മറ്റ് നിയമപരമായ മാർഗങ്ങൾ ഹർജിക്കാരൻ തേടിയില്ലെന്നും പിണറായി വിജയനും ടി. വീണയും വാദിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix