മലപ്പുറം: ബാങ്ക് ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന പരാതിയിൽ പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി. മേലാറ്റൂർ പൊലീസിനാണ് കോടതി നിർദേശം നൽകിയത്. അഭിഭാഷക കമ്മീഷണർ കെ.പി. കൃഷ്ണകുമാർ നൽകിയ പരാതിയിലാണ് നടപടി.
പെരിന്തൽമണ്ണ വേങ്ങൂരിലെ ഒരു വീട്ടിൽ കോടതി ഉത്തരവുപ്രകാരം ജപ്തി നടപടിക്കെത്തിയപ്പോൾ എംഎൽഎ മോശമായി പെരുമാറുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി കമ്മീഷൻ അംഗങ്ങളെ തിരിച്ചയക്കുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ എംഎൽഎ കമ്മീഷൻ അംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
വിഷയത്തിൽ കോടതി മേലാറ്റൂർ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തി ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് കുടുംബം അറിയിച്ചതിനെത്തുടർന്നുണ്ടായ പെട്ടെന്നുള്ള വികാരപ്രകടനമാണ് എംഎൽഎയുടെ ഭാഗത്തുനിന്നുണ്ടായതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.
എന്നാൽ, എംഎൽഎയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമപ്രകാരം അന്വേഷണം നടത്തിയതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പൊലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. ഇതേത്തുടർന്നാണ് പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമാനുസൃത അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
അതേസമയം, നജീബ് കാന്തപുരം സമർപ്പിച്ച മാപ്പപേക്ഷയിൽ ഈ മാസം 16ന് കോടതി വിധി പറയും.




