തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സി.പി.ഐ.എം പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. ഉണ്ണികൃഷ്ണൻ, ദിനീത്, രേവന്ത് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലെ ആവശ്യം. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്നുമാണ് പൊലീസിന്റെ വാദം.
എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കന്റോൺമെന്റ് എസ്.ഐ ഗോകുൽ ഗോപന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിലും ഇവരെ പ്രതിചേർത്തിട്ടുണ്ട്. ജാമ്യവ്യവസ്ഥകളിൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് നിർദേശിച്ചിരുന്നുവെന്നും ഇത് ലംഘിക്കപ്പെട്ടെന്നുമാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.
ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നീക്കം. നേരത്തേ ഐ.പി. ബിനു ഉൾപ്പെടെയുള്ളവരുടെ ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വിവരം. പ്രതികളുടെ ഫോണുകളുടെ ഫൊറൻസിക് പരിശോധനാഫലം ലഭിച്ചശേഷം കുറ്റപത്രം സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
സി.എം.ആർ.എൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ മേയ് 27നാണ് ഇ.ഡി പരിശോധന നടത്തിയത്. കേസിലെ പ്രതിയായ ടി. വീണ താമസിക്കുന്ന വീടെന്ന നിലയിൽ ബേക്കറി ജങ്ഷനിലെ വാടകവീട്ടിലായിരുന്നു പരിശോധന. ഇതിന് പിന്നാലെ ഇ.ഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്ന് ആരോപിച്ച് സി.പി.ഐ.എം പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചുകൂടി.
പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ സി.പി.ഐ.എം പ്രവർത്തകർ ആക്രമണം നടത്തിയെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ടാണ് പൊലീസ് പ്രതികൾക്കെതിരെ നടപടി തുടരുന്നത്.




