തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പേഴ്സണൽ അസിസ്റ്റന്റ് വി വിമൽ രാജിവെച്ചു. രാജിക്കത്ത് എംഎൽഎയ്ക്ക് കൈമാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിശദീകരണം. രാജിക്കത്ത് രമ്യ ഹരിദാസ് ഇന്ന് നിയമസഭാ സെക്രട്ടേറിയറ്റിന് കൈമാറും.
ജോലിഭാരമാണ് രാജിക്ക് കാരണമെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം. എന്നാൽ ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് രാജിയെന്ന വിലയിരുത്തലുമുണ്ട്. രാജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർട്ടിക്ക് വിശദീകരണം നൽകുമെന്ന് വിമലും അറിയിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്ന വിമൽ ഡെപ്യൂട്ടേഷനിലാണ് രമ്യ ഹരിദാസിന്റെ പേഴ്സണൽ അസിസ്റ്റന്റായി എത്തിയത്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനാ നേതാവ് കൂടിയാണ് വിമൽ.
ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയിൽ എംഎൽഎയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി കണ്ടെത്തിയിരുന്നു. പക്വതയോടെ ഇടപെടുന്നതിൽ രമ്യ ഹരിദാസ് പരാജയപ്പെട്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോൾ കെപിസിസിക്ക് പരാതി നൽകുന്നതിന് പകരം അനാവശ്യമായി വിവാദം സൃഷ്ടിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. ഇതേത്തുടർന്ന് പാർട്ടി അധ്യക്ഷൻ രമ്യ ഹരിദാസിന് താക്കീത് നൽകിയിരുന്നു.
സെപ്റ്റംബർ നാലിനാണ് ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്.




