തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത ഫെൻസിങ്ങുകൾ ഇനിയും പൊളിച്ചുമാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ. ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭയിൽ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മനുഷ്യജീവൻ സംരക്ഷിക്കാനുള്ള തീരുമാനങ്ങൾ ഉദ്യോഗസ്ഥർ കൈക്കൊള്ളുമ്പോൾ അതിനെ പിന്തുണയ്ക്കണമെന്നും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി കൈയേറ്റക്കാർ സ്ഥാപിച്ച ഫെൻസിങ്ങുകൾ ആരെതിർത്താലും പൊളിച്ചുമാറ്റും. കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള വേദിയായി നിയമസഭ മാറരുതെന്നും എ പി അനിൽ കുമാർ പറഞ്ഞു.
ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കർഷകരും നാട്ടുകാരും സ്ഥാപിച്ച സംരക്ഷണ വേലികളും മതിലുകളും പൊളിച്ചുമാറ്റിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നടപടി കർഷകരിലും മലയോര മേഖലയിലെ ജനങ്ങളിലും വലിയ ആശങ്കയുണ്ടാക്കിയെന്നും വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ അനധികൃതമായി നിർമിച്ച സോളാർ വേലികൾ നീക്കം ചെയ്യാനാണ് ജില്ലാ കളക്ടർ ഉത്തരവിട്ടതെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. ചിന്നക്കനാലിൽ നിരവധി അനധികൃത നിർമിതികളുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മന്ത്രിയുടെ മറുപടി ഭയപ്പെടുത്തുന്നതാണെന്ന് കെ യു ജനീഷ് കുമാർ പറഞ്ഞു. ഇടുക്കിയിലെ വനത്തിനുള്ളിലെ വേലികളല്ല, റവന്യൂ ഭൂമിയിലെ ഫെൻസിങ്ങുകളാണ് നീക്കം ചെയ്തതെന്നും റവന്യൂ ഭൂമിയിൽ ഇടപെടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് എന്താണ് അധികാരമെന്നും അദ്ദേഹം ചോദിച്ചു. ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് മലയോര കർഷകരുടെ ഭൂമി ഏറ്റെടുക്കാനുള്ള വളഞ്ഞ വഴിയാണെന്നും ജനീഷ് കുമാർ ആരോപിച്ചു.
വനത്തിനുള്ളിലെ ഏതെങ്കിലും പാതകൾ അടച്ചിട്ടുണ്ടെങ്കിൽ അവ തുറന്നുകൊടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആകെ 135 ആനത്താരകളുണ്ടെന്നും അതിൽ ഏഴെണ്ണം ഇടുക്കിയിലാണെന്നും ചൂണ്ടിക്കാട്ടിയ ജനീഷ് കുമാർ, അവയെല്ലാം തുറന്നുകിടക്കുകയാണെന്നും വ്യക്തമാക്കി. സെപ്റ്റംബർ 25ന് ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലാ കളക്ടറുടെ നടപടി മാത്രമല്ല, ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും അതിൽ സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിക്കും പങ്കുണ്ടെന്നും കെ യു ജനീഷ് കുമാർ സഭയിൽ ആരോപിച്ചു.




