തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ജയമാധവൻ നായരെ കൊലപ്പെടുത്തിയത് സ്വത്ത് തട്ടിയെടുക്കാനാണെന്ന് റിമാൻഡ് റിപ്പോർട്ട്. ജയമാധവൻ നായർ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് കേസിലെ പ്രതിയായ രവീന്ദ്രൻ നായർ കൊലപാതകത്തിന് ഗൂഢാലോചന ആരംഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നെന്നും തെളിവുകൾ നശിപ്പിച്ചെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലവിൽ റിമാൻഡിൽ കഴിയുന്ന രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച് ഉടൻ അപേക്ഷ നൽകും. വിദേശത്തുള്ള മൂന്നാം പ്രതി സജിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. രവീന്ദ്രൻ നായരുടെ മുൻ കാര്യസ്ഥനും ഇയാളുടെ ബന്ധുവും ഗൂഢാലോചനയിൽ പങ്കാളികളായെന്നാണ് വിവരം. ഇരുവരെയും ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതോടെ കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് സൂചന.
കൊലപാതകത്തിന് പിന്നാലെ ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചത് സജുവിന്റെ കാറിലാണെന്നും തെളിവ് നശിപ്പിക്കാൻ രവീന്ദ്രൻ നായരുടെ സഹായി ലീല കൂട്ടുനിന്നെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രൻ നായർ ലീലക്ക് സാമ്പത്തിക സഹായം നൽകിയിരുന്നതായും ഈ പണം ഉപയോഗിച്ച് ലീല വീടും വസ്തുവും വാങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. രവീന്ദ്രൻ നായരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുന്നതിനൊപ്പം വരും ദിവസങ്ങളിൽ വിശദമായ തെളിവെടുപ്പും നടത്തും.
കൂടത്തിൽ തറവാട്ടിലെ അവസാന കണ്ണിയായ ജയമാധവൻ നായർ 2017ലാണ് മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒൻപത് വർഷമായി ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. 2021ൽ ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്നുള്ള വിശദമായ അന്വേഷണത്തിനൊടുവിലാണ് തറവാട്ടിലെ കാര്യസ്ഥനായിരുന്ന രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്തത്.
15 വർഷത്തിനിടെ കുടുംബത്തിൽ ഏഴ് മരണങ്ങൾ സംഭവിച്ചതും നേരത്തെ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ധാരാളം സ്വത്തുക്കളുള്ള കുടുംബത്തിൽ സ്വത്ത് കൈക്കലാക്കുന്നതിനായി കൊലപാതകങ്ങൾ നടത്തിയതാണോയെന്ന സംശയവും ഉയർന്നിരുന്നു. രവീന്ദ്രൻ നായരെ ബ്രെയിൻ മാപ്പിങ് ഉൾപ്പെടെയുള്ള പരിശോധനകൾക്ക് വിധേയനാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.



