തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ജനവിധിയെ സർക്കാർ മാനിക്കണമെന്നും പിണറായി വിജയനോട് മൃദുസമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നൽകേണ്ടതില്ല’ എന്നായിരുന്നു കുഴൽനാടന്റെ പരാമർശം.
തന്റേത് കൂടിയായ പോരാട്ടത്തിന്റെ വിജയമാണ് യുഡിഎഫ് സർക്കാരെന്നും കുഴൽനാടൻ യോഗത്തിൽ പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹൈക്കോടതിയിലെ സർക്കാർ നിലപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വിമർശനം.
കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയും വിവിധ എംഎൽഎമാർ വിമർശനമുയർത്തി. മന്ത്രിമാർ തങ്ങളുടെ സമീപനം മാറ്റണമെന്നും എംഎൽഎമാർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പാലക്കാട്ടെ വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം ലഭിക്കുന്നില്ലെന്ന് രമേഷ് പിഷാരടിയും ആരോപിച്ചു. പഴകുളം മധു, എം.എം. നസീർ, എം. വിൻസെന്റ് എന്നിവരും വിമർശനവുമായി രംഗത്തെത്തി.
അതേസമയം, സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹൈക്കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അഡ്വക്കറ്റ് ജനറലിനെ സംരക്ഷിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാർ പറയാത്ത ഒരു കാര്യവും എജി കോടതിയിൽ പറഞ്ഞിട്ടില്ലെന്നും സർക്കാർ വൈരാഗ്യബുദ്ധിയോടെ പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംആർഎൽ–എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവാണ് രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചത്. കേസിൽ സർക്കാരിന്റെ നിലപാടിനെതിരെ മാത്യു കുഴൽനാടൻ നേരത്തെയും പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തുടർനടപടികളും ഹൈക്കോടതി ഉത്തരവുമെല്ലാം രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കുന്നതിനിടെ, കോൺഗ്രസിനുള്ളിലും വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയരുന്നതായാണ് റിപ്പോർട്ടുകൾ.




