തിരുവനന്തപുരം: തുലാവർഷം ശക്തമായതോടെ സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
ഇടിമിന്നൽ അപകടസാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മരച്ചുവട്ടിൽ നിൽക്കുന്നതും തുറസായ സ്ഥലങ്ങളിൽ തുടരുന്നതും ഒഴിവാക്കണം. ഇടിമിന്നലുള്ള സമയത്ത് വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുന്നതും കുളിക്കുന്നതും ജലാശയങ്ങളിൽ ഇറങ്ങുന്നതും ഒഴിവാക്കണം.
മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങളിലും ജാഗ്രത വേണം. മഴയും ഇടിമിന്നലും തുടരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.




