ചെന്നൈ: സംസ്ഥാനത്തെ സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യമായി സാനിറ്ററി പാഡുകൾ ലഭ്യമാക്കാൻ വെൻഡിങ് മെഷീനുകൾ നിർബന്ധമാക്കി. ആർത്തവശുചിത്വം ഉറപ്പാക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
അടിസ്ഥാന ശുചിത്വസൗകര്യങ്ങളുടെ അഭാവംമൂലം പെൺകുട്ടികൾക്ക് ക്ലാസുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്കൂളുകളിലെ ശൗചാലയങ്ങളിൽ സ്ഥാപിക്കുന്ന വെൻഡിങ് മെഷീനുകൾ വഴി എപ്പോഴും സാനിറ്ററി പാഡുകൾ ലഭ്യമാക്കണം.
വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ കഴിയാത്ത സ്കൂളുകളിൽ മറ്റ് സംവിധാനങ്ങളിലൂടെ പാഡുകൾ ലഭ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. ശൗചാലയങ്ങളിൽ ആവശ്യത്തിന് വെള്ളം, സോപ്പ്, കൈകഴുകാനുള്ള സൗകര്യങ്ങൾ എന്നിവയും ഉറപ്പാക്കണം.
പ്രത്യേക പരിഗണന അർഹിക്കുന്ന പെൺകുട്ടികൾക്ക് വിശ്രമമുറികളിലെ ശൗചാലയങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.




