കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയം വാസയോഗ്യമല്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി അമിക്കസ് ക്യൂറി. ഗുരുതരമായ നിർമാണപ്പിഴവുകളും സുരക്ഷാഭീഷണികളും ചൂണ്ടിക്കാട്ടിയ റിപ്പോർട്ടിൽ, താമസക്കാരെ അടിയന്തരമായി സുരക്ഷിതവും വാസയോഗ്യവുമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശിച്ചു.
ഫ്ലാറ്റിൽ ലിഫ്റ്റും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഇല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഇടിമിന്നൽ പ്രതിരോധ സംവിധാനം എർത്തുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും അഗ്നിരക്ഷാ സംവിധാനം പ്രവർത്തനരഹിതമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സെപ്റ്റിക് ടാങ്കിലെ മലിനജലം പുറത്തേക്ക് ഒഴുകി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായും സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2024-ൽ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ് സമുച്ചയത്തിലാണ് ഗുരുതരമായ അപാകതകൾ കണ്ടെത്തിയത്. താമസം തുടങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ഫ്ലാറ്റിൽ വലിയ തോതിൽ ചോർച്ചയുണ്ടായതടക്കമുള്ള പരാതികളുമായി താമസക്കാർ രംഗത്തെത്തിയിരുന്നു. പരാതികൾ വ്യാപകമായതോടെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു.
ഫ്ലാറ്റ് നിർമാണത്തിലെ അപാകതകൾ മുഹമ്മദ് ഷിയാസ് എംഎൽഎ നിയമസഭയിലും ഉന്നയിച്ചിരുന്നു. വിഷയം ചർച്ചയായപ്പോൾ ഫ്ലാറ്റ് പൊളിച്ചുകളയണമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വീകരിച്ചത്.
2020 ഒക്ടോബർ 10-നാണ് 86 ഫ്ലാറ്റുകൾ നിർമിക്കുന്നതിനായി കരാർ ഒപ്പിട്ടത്. തുടക്കത്തിൽ 20 കോടി രൂപയായിരുന്ന പദ്ധതിത്തുകയും സൗകര്യങ്ങളും പിന്നീട് വെട്ടിച്ചുരുക്കി ജിസിഡിഎ കരാർ തുക 14.61 കോടി രൂപയായി കുറയ്ക്കുകയായിരുന്നു.
തുടർന്ന് 90 ശതമാനം നിർമാണപ്രവൃത്തികളും പൂർത്തിയാക്കി 2024-ൽ ടിഡിഎൽസി നിർമാണം അവസാനിപ്പിച്ചു. ആകെ 13.25 കോടി രൂപയുടെ ബിൽ സമർപ്പിച്ചെങ്കിലും 11.72 കോടി രൂപ മാത്രമാണ് കമ്പനിക്ക് ലഭിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.
ജിസിഡിഎയുടെ നടപടികൾ മൂലം 5.50 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടിഡിഎൽസി ചൂണ്ടിക്കാട്ടുന്നത്.
അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടോടെ മുണ്ടംവേലി ഫ്ലാറ്റിലെ താമസക്കാരുടെ സുരക്ഷയും നിർമാണത്തിലെ അപാകതകളും വീണ്ടും ചർച്ചയാകുകയാണ്. താമസക്കാരെ മാറ്റിപ്പാർപ്പിക്കുന്നതും ഫ്ലാറ്റിന്റെ ഭാവിയും ഇനി നിർണായകമാകും.




