മുംബൈ: പിറന്നാൾ ആഘോഷിക്കണം, ഇഷ്ടപ്പെട്ട ബൈക്ക് വാങ്ങണം, അടിച്ചുപൊളിച്ച് ജീവിക്കണം… ഇതിനായി പണം കണ്ടെത്താൻ സ്വന്തം സഹപാഠിയെ കൊലപ്പെടുത്തി സ്വർണമാല കവർന്ന് പ്ലസ്ടു വിദ്യാർഥികൾ. മുംബൈയിലെ താനെയിലാണ് ദാരുണമായ സംഭവം. ദൃശ്യം-3 സിനിമ കണ്ടതിന് പിന്നാലെയാണ് പതിനേഴുകാരനായ സുഹൃത്തിനെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
താനെയിലെ ആസാദ് നഗർ സ്വദേശികളായ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളാണ് കൊലപാതകത്തിന് പിന്നിൽ. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഏഴ് ഗ്രാം തൂക്കമുള്ള സ്വർണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും ദൃശ്യം-3 സിനിമ കണ്ടിരുന്നതായും സിനിമയിലെ രീതികൾ അനുകരിച്ച് അന്വേഷണത്തെ വഴിതെറ്റിക്കാനും തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചതായും പൊലീസ് വ്യക്തമാക്കി.
പതിനേഴുകാരനെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണമാണ് സുഹൃത്തുക്കളായ പ്രതികളിലേക്ക് എത്തിയത്. സെപ്റ്റംബർ 24ന് വൈകിട്ട് ഏഴുമണിയോടെ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. അടുത്ത ദിവസം പിതാവ് പൊലീസിൽ പരാതി നൽകിയതോടെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു.
പ്രാഥമിക അന്വേഷണത്തിനിടെ, ബ്രഹ്മാണ്ഡ് സർക്കിളിന് എതിർവശത്തുള്ള റോഡിൽവെച്ച് വെള്ള ആക്ടീവ സ്കൂട്ടറിൽ അപരിചിതനായ ഒരാൾക്കൊപ്പം കുട്ടിയെ കണ്ടെന്നായിരുന്നു പ്രതികളിലൊരാൾ കുടുംബത്തോടും പൊലീസിനോടും പറഞ്ഞത്. സംശയം ഒഴിവാക്കാൻ കുട്ടിയെ കാണാതായതിൽ ദുഃഖം പ്രകടിപ്പിച്ചും ഇയാൾ അഭിനയിച്ചു. കുട്ടിയെ കണ്ടെത്താൻ നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തിൽ നിർണായകമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
അന്വേഷണം മുന്നോട്ടുപോയതോടെ ഇരുവരും പ്രധാന വിവരങ്ങൾ മറച്ചുവെക്കുന്നതായി പൊലീസിന് സംശയം തോന്നി. തുടർന്ന് മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കുകയും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച നടത്തിയ ചോദ്യം ചെയ്യലിനിടെ ഒരാൾ കുറ്റം സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
സെപ്റ്റംബർ 24ന് രാത്രി സിഗരറ്റ് വലിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് സഹപാഠിയെ ഘോഡ്ബന്ദർ റോഡിലെ ബ്രഹ്മാണ്ഡ് ഫേസ് രണ്ടിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. അവിടെവെച്ച് കത്തികൊണ്ട് പലതവണ കുത്തിയ ശേഷം മുഖം കല്ലുകൊണ്ട് ഇടിച്ചുതകർത്തു. തുടർന്ന് മൃതദേഹം സമീപത്തെ പൊന്തക്കാട്ടിൽ ഒളിപ്പിച്ചു. അടുത്ത ദിവസം പെട്രോളുമായി സ്ഥലത്തെത്തിയ ഇരുവരും തെളിവ് നശിപ്പിക്കാനായി മൃതദേഹം കത്തിക്കുകയായിരുന്നു.
പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പകുതി കത്തിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷവും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ പ്രതികൾ തുടർന്നു. ഇതിന്റെ ഭാഗമായി കുട്ടിയുടെ മൊബൈൽ ഫോൺ ഓടിക്കൊണ്ടിരുന്ന ബസിലേക്ക് എറിഞ്ഞു. ഫോണിന്റെ ടവർ ലൊക്കേഷൻ മാറിമാറി കാണിച്ച് അന്വേഷണത്തെ വഴിതെറ്റിക്കുകയായിരുന്നു ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രായപൂർത്തിയാകാത്ത ഇരുവർക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ 103(1) വകുപ്പ് പ്രകാരം കൊലപാതകത്തിനും 238-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിനും കാസർവഡവലി പൊലീസ് കേസെടുത്തു.
പഠനത്തിൽ പിന്നാക്കമായിരുന്ന പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കുന്നതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്ന് സോൺ അഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രശാന്ത് കദം പറഞ്ഞു. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കാനും മോട്ടോർ സൈക്കിൾ വാങ്ങാനുമുള്ള ആഗ്രഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യം-3 സിനിമ കണ്ട ശേഷമാണ് ഇരുവരും കുറ്റകൃത്യത്തിന് പദ്ധതിയിട്ടതെന്നും പൊലീസ് അറിയിച്ചു.


