കാസർകോട്: തളങ്കരയിലെ എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന സൈനുൽ ആബിദീൻ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ട് കോടതി. ജില്ലാ അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. ആർ.എസ്.എസ്–ബി.ജെ.പി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനിൽകുമാർ എന്ന അനി എന്നിവരടക്കം 21 പ്രതികളെയാണ് കോടതി വെറുതെവിട്ടത്.
2014 ഡിസംബർ 22ന് രാത്രിയാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽവെച്ച് പിതാവിന്റെ മുന്നിലിട്ട് സൈനുൽ ആബിദീനെ വെട്ടിക്കൊലപ്പെടുത്തിയത്. പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കട അടയ്ക്കുന്നതിനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെയായിരുന്നു ആക്രമണം. രാത്രി പത്തുമണിയോടെ കടയിലെത്തിയ ആർ.എസ്.എസ് പ്രവർത്തകർ യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.




