കൊല്ലം: സിഎംആര്എല്- എക്സാലോജിക് കേസില് മുന് മുഖ്യമന്ത്രി പിണറായി വിജയന് അനുകൂലമായ നിലപാട് സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചതിനെതിരെ കോണ്ഗ്രസില് അമര്ഷം പുകയുന്നു. മാത്യു കുഴല്നാടന് എംഎല്എ, ജിന്റോ ജോണ് എന്നിവര്ക്ക് പിന്നാലെ നേൃത്വത്തിനെതിരെ സിആര് മഹേഷ് എംഎല്എയും രംഗത്തുവന്നു. ‘പഴയതൊക്കെ മറക്കണോ’ എന്ന ഗോഡ്ഫാദര് ചിത്രത്തിലെ പ്രസ്തമായ ഡയലോഗ് പങ്കുവച്ചാണ് മഹേഷ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു എത്തിയത്. ‘തല്ക്കാലം ഇത് ഇവിടെ കിടക്കട്ടെ, ബാക്കി പിന്നെ!’ എന്നു പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്.
പിണറായി അനുകൂല സര്ക്കാര് നിലപാടിനതിരെ നേരത്തെ മാത്യു കുഴല് നാടനും, ജിന്റോ ജോണ് ഉള്പ്പടെയുള്ളവര് രംഗത്തെത്തിയിരുന്നു. കോണ്ഗ്രസിന്റെ പാര്ലമെന്ററി പാര്ട്ടിയോഗത്തിലും മാത്യു കുഴല്നാടന് രൂക്ഷവിമര്ശനം നടത്തിയിരുന്നു. കോണ്ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്ചാണ്ടിക്കെതിരെ എല്ഡിഎഫ് സര്ക്കാര് എടുത്ത നടപടി അദ്ദേഹം ആവര്ത്തിച്ചെങ്കിലും യോഗത്തില് പൊതുപിന്തുണ കിട്ടിയില്ലെന്നാണ് റിപ്പോര്ട്ടുകള്. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിച്ച നിലപാട് പൊതുവെ അംഗീകരിക്കപ്പെടുകയായിരുന്നു.




