തിരുവനന്തപുരം: ശബരിമല മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഈ സീസണിൽ അരവണ ഉൾപ്പെടെയുള്ള പ്രസാദങ്ങളുടെ ലഭ്യതയിൽ കുറവുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. നിലയ്ക്കലിലെയും പമ്പയിലെയും ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്നിധാനത്തെത്തിയും ഒരുക്കങ്ങൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് നടത്തിയ ചർച്ചകളിലെ തീരുമാനങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് വിലയിരുത്തും. പൊലീസ്, അഗ്നിരക്ഷാസേന തുടങ്ങിയ വിഭാഗങ്ങളെ കൃത്യമായി വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കും. മരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പമ്പയിൽ തുണികളും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്താലും വീണ്ടും കുമിഞ്ഞുകൂടുന്ന സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇവ കാര്യക്ഷമമായി നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും. നിലയ്ക്കലിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ആറായിരം പേർക്ക് വീതം വിശ്രമിക്കാവുന്ന ജർമൻ മാതൃകയിലുള്ള വിശ്രമകേന്ദ്രം നിർമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ശബരിമലയിലെ മാലിന്യനിർമാർജനം വലിയ വെല്ലുവിളിയാണെന്നും ക്ലീൻ കേരള മിഷനുമായി സഹകരിച്ച് പ്രശ്നം പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ വെളിച്ചം ഒരുക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മേഖലയിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമാക്കും. ചാലക്കയം റോഡിന്റെ നിർമാണം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയെന്നും മറ്റ് റോഡുകളുടെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
എക്സൈസ് പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ട്. ജില്ലയിലെ ആശുപത്രികൾ സജ്ജമാക്കുന്നതിനൊപ്പം കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലും ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കും. ഇത്തവണത്തെ തീർഥാടനകാലം സുഗമമായി നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഭക്തരുടെ എണ്ണം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയുടെ നിർദേശങ്ങളുണ്ട്. ഈ സീസൺ പൂർത്തിയായശേഷം ദീർഘകാല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തിരുപ്പതി മാതൃകയിലുള്ള വികസന പ്രവർത്തനങ്ങൾ ആരംഭിക്കാനും പദ്ധതിയുണ്ട്. ശബരിമലയെ രാജ്യത്തെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഭക്തർക്ക് സൗജന്യമായി വിരിവയ്ക്കാനുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. മാസപൂജ അവസാനിക്കുന്നതോടെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.




