ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ദർശനത്തിനായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയത്. പമ്പയിൽ നടന്ന അവലോകനയോഗത്തിനുശേഷം മുഖ്യമന്ത്രി വി.ഡി. സതീശനും ശബരിമലയിൽ ദർശനത്തിനെത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ പമ്പയിൽനിന്ന് യാത്രതിരിച്ച മുഖ്യമന്ത്രി അഞ്ചുമണിയോടെ സന്നിധാനത്തെത്തി.
ദർശനത്തിനുശേഷം മുഖ്യമന്ത്രി ഇന്ന് തന്നെ മടങ്ങുമെന്നാണ് വിവരം. ഇരുമുടിക്കെട്ട് ഇല്ലാതെയാണ് മുഖ്യമന്ത്രി എത്തിയത്. അതിനാൽ പതിനെട്ടാംപടി ചവിട്ടിയല്ല ദർശനം നടത്തുക. പമ്പയിൽനിന്ന് കാൽനടയായി കാനനപാത മുഴുവൻ താണ്ടിയാണ് മുഖ്യമന്ത്രി സന്നിധാനത്തെത്തിയത്.
ശബരിമലയിലെയും മാളികപ്പുറത്തെയും അടുത്ത ഒരു വർഷത്തേക്കുള്ള മേൽശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഞായറാഴ്ച രാവിലെ നടക്കും. ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ദേവനന്ദനും മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് അനശ്വരയും നിർവഹിക്കും.
പന്തളം നാലുകെട്ട് കൊട്ടാരത്തിലെ വി. അർജുന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ശർമദ ആർ. വർമ്മയുടെയും മകനാണ് ദേവനന്ദൻ അർജുൻ. തൃപ്പൂണിത്തുറ എസ്.എൻ.വി.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
തൃപ്പൂണിത്തുറ ലക്ഷ്മിവിലാസം പാലസ് നമ്പർ 46-ൽ രഞ്ജിത്ത് രാജന്റെയും പന്തളം ശ്രാമ്പിക്കൽ കൊട്ടാരത്തിൽ മുൻ രാജപ്രതിനിധിയായിരുന്ന പരേതനായ ആർ. കേരളവർമരാജയുടെ മകൾ മൈഥിലിരാജയുടെയും മകളാണ് അനശ്വര എം. രഞ്ജിത്ത്. ഭവൻസ് വിദ്യാമന്ദിറിലെ നാലാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര.



