കോഴിക്കോട്: നടുവണ്ണൂരിൽ മിനി പിക്കപ്പ് വാൻ മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം സ്വദേശി മുഹമ്മദ് ഷഹീൻ (22) ആണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ ജവാൻ ഷൈജു സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമായിരുന്നു അപകടം.
മലപ്പുറത്തുനിന്ന് നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിലേക്ക് പച്ചക്കായയുമായി പോവുകയായിരുന്നു പിക്കപ്പ് വാൻ. സംസ്ഥാന പാതയിലെ കൈവരിയിൽ ഇടിച്ച വാഹനം സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ ഷഹീനെ പിക്കപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തുന്നതിന് മുമ്പ് നാട്ടുകാർ ഷഹീനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പിന്നീട് ഷഹീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




