തൃശ്ശൂർ: കൊടകരയിലെ ബാറിന്റെ പാർക്കിങ് ഏരിയയിൽ വെച്ച് ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് 54കാരനെ ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കൊടകര മനകുളങ്ങര സ്വദേശികളായ ആദിത്യൻ (22), ആഷിത് (21) എന്നിവരെയാണ് കൊടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ ആദിത്യൻ ക്രിമിനൽ കേസുകളിൽ പ്രതിയും പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്.
ഒക്ടോബർ 19ന് രാത്രി 8.30ഓടെ കൊടകര ഗോൾഡൻ ബാറിന്റെ പാർക്കിങ് ഏരിയയിലായിരുന്നു സംഭവം. നെല്ലായി വയലൂർ സ്വദേശി സതീശന്റെ (54) പരിചയക്കാരനായ കാർത്തിക്കുമായി പ്രതികൾ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നു. തർക്കത്തിനിടെ ഇരുവരെയും പിടിച്ചുമാറ്റിയതിലുള്ള വൈരാഗ്യമാണ് സതീശനെ ആക്രമിക്കാൻ കാരണമായതെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ഹെൽമറ്റ് ഉപയോഗിച്ച് സതീശന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തിൽ ഇടത് കണ്ണിന് താഴെയുള്ള എല്ല് പൊട്ടിയതുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു.
ആദിത്യനെതിരെ കൊടകര, കണ്ണൂർ ആറളം പൊലീസ് സ്റ്റേഷൻ പരിധികളിലായി പോക്സോ, ലഹരിമരുന്ന് ഉപയോഗം, പൊതുസ്ഥലത്ത് ലഹരി ഉപയോഗം തുടങ്ങിയ കേസുകൾ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളുണ്ട്. ആഷിതിനെതിരെ കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിമരുന്ന് ഉപയോഗം, പൊതുസ്ഥലത്ത് മദ്യപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് കേസുകളുമുണ്ട്. കൊടകര സിഐ ആനന്ദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ നിയമനടപടികൾ തുടരുകയാണ്.




