തിരുവനന്തപുരം: സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ വിനോദത്തോടൊപ്പം അറിവും പകരാൻ കെഎസ്ആർടിസി പുതിയ യാത്രാ പദ്ധതി ആരംഭിച്ചു. ‘വിജ്ഞാന ദർശിനി’ എന്ന പേരിലുള്ള പദ്ധതിക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് നേതൃത്വം നൽകുന്നത്.
വിദ്യാർഥികൾക്ക് ചരിത്രം, ശാസ്ത്രം, പ്രകൃതി, സംസ്കാരം എന്നിവ നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സാംസ്കാരിക കേന്ദ്രങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കാണ് യാത്രകൾ ക്രമീകരിക്കുന്നത്.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പൊന്മുടി, കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്ക് യാത്ര ചെയ്യാം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം വ്യവസായശാലകളിലേക്കുള്ള പഠനയാത്രകളും ഒരുക്കും. മറ്റ് ജില്ലകളിലും പദ്ധതി ഉടൻ നടപ്പാക്കും. പൊന്മുടി യാത്രയ്ക്കായി പ്രത്യേക ബസുകളാണ് ഉപയോഗിക്കുന്നത്. ഒരു ബസിൽ 36 വിദ്യാർഥികൾക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. പാഠപുസ്തകങ്ങളിൽ പഠിക്കുന്ന കാര്യങ്ങൾ നേരിട്ട് കണ്ടും അനുഭവിച്ചും മനസ്സിലാക്കാൻ ഈ യാത്രകൾ സഹായിക്കും.
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ഫോൺ നമ്പറുകൾ:
തിരുവനന്തപുരം നോർത്ത്: 9188619378
തിരുവനന്തപുരം സൗത്ത്: 9188938522
കൊല്ലം: 9188938523
പത്തനംതിട്ട: 9188938524
ആലപ്പുഴ: 9188938525
കോട്ടയം: 9188938526
ഇടുക്കി: 9188938527
എറണാകുളം: 9188938528
തൃശൂർ: 9188938529
പാലക്കാട്: 9188938530
മലപ്പുറം: 9188938531
കോഴിക്കോട്: 9188938532
വയനാട്: 9188938533
കണ്ണൂർ, കാസർകോട്: 9188938534




