കൊച്ചി: ഐഎസ്എൽ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം പ്രതിസന്ധിയിൽ. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിന്റെ വാടകത്തുക സംബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്സും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ) തമ്മിൽ ധാരണയിലെത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. മത്സരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തർക്കം പരിഹരിക്കാനാകാത്തത് ആരാധകരിലും ആശങ്കയുണ്ടാക്കുന്നുണ്ട്.
ഞായറാഴ്ച മുംബൈ സിറ്റി എഫ്‌സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ, ഓരോ മത്സരത്തിനും എട്ട് മുതൽ ഒൻപത് ലക്ഷം രൂപ വരെ വാടക നൽകണമെന്നാണ് ജിസിഡിഎയുടെ ആവശ്യം. കഴിഞ്ഞ സീസണിൽ മൂന്നര ലക്ഷം രൂപയായിരുന്ന വാടകയാണ് ഇത്തവണ ഇരട്ടിയിലധികമായി ഉയർത്തിയിരിക്കുന്നത്.
സൂപ്പർ ലീഗ് കേരളയിൽ മത്സരിക്കുന്ന കൊച്ചി ഫോഴ്‌സ എഫ്‌സിക്ക് രണ്ട് ലക്ഷം രൂപ നിരക്കിലാണ് ജിസിഡിഎ സ്റ്റേഡിയം അനുവദിച്ചതെന്ന് കേരള ബ്ലാസ്റ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഐഎസ്എൽ മത്സരങ്ങൾക്കായി ഇത്രയും ഉയർന്ന തുക നൽകാനാകില്ലെന്നാണ് ക്ലബ്ബിന്റെ നിലപാട്.
അതേസമയം, സ്റ്റേഡിയം വിട്ടുകിട്ടുന്നതിനായി ബ്ലാസ്റ്റേഴ്സ് അധികൃതർ വൈകിയാണ് സമീപിച്ചതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. വാടകത്തുക സംബന്ധിച്ച തർക്കം പരിഹരിക്കാത്തതിനാൽ മത്സരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
പുതിയ മാനേജ്‌മെന്റിന് കീഴിൽ പുതിയ സീസണിൽ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ്, ജിസിഡിഎയുമായി ഏറ്റുമുട്ടലിനില്ലെന്ന നിലപാടിലാണ്. പ്രശ്നം വേഗത്തിൽ പരിഹരിക്കപ്പെടുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
മുൻകാലങ്ങളിലും വാടകത്തുക സംബന്ധിച്ച തർക്കങ്ങൾ സ്റ്റേഡിയം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ സൃഷ്ടിച്ചിട്ടുണ്ട്. വാടക സംബന്ധിച്ച തീരുമാനം വൈകിയതിനെത്തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനെപ്പോലും സ്റ്റേഡിയത്തിന് പുറത്ത് കാത്തുനിർത്തിയ സാഹചര്യം മുമ്പുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ട് എവേ മത്സരങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം തട്ടകത്തിൽ ആദ്യ മത്സരത്തിനൊരുങ്ങുന്നത്. ആരാധകരുടെ വലിയ പിന്തുണയോടെ സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങാൻ കാത്തിരിക്കുന്ന ടീമിന് വാടകത്തർക്കം തിരിച്ചടിയായിരിക്കുകയാണ്.
ജിസിഡിഎയും ക്ലബ് അധികൃതരും തമ്മിൽ ധാരണയിലെത്തിയില്ലെങ്കിൽ മത്സരം നടത്തുന്നതിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടായേക്കാം. ആരാധകരുടെ ആശങ്കകൾക്കിടയിൽ വാടകത്തർക്കത്തിന് എത്രയും വേഗം പരിഹാരമുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.




