കൊച്ചി: എറണാകുളം ഏലൂരിൽ വിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 20 കിലോ കഞ്ചാവ് പിടികൂടി. കൊച്ചി ഡാൻസാഫിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശി സുഖ്ചന്ദ് സെഖ് പിടിയിലായി. നാർക്കോട്ടിക്സ് എസിപി അനന്ത് ലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ കഞ്ചാവ് കർണാടകയിലെത്തിച്ച് ഇരുമ്പുകൊണ്ട് നിർമിച്ച പ്രത്യേക അറയിലേക്ക് മാറ്റിയാണ് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്. ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് നാർക്കോട്ടിക്സ് സംഘം അറിയിച്ചു.
ഫയർഫോഴ്സിന്റെ സഹായത്തോടെ പൈപ്പിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് ഒളിപ്പിച്ചുവെച്ച കഞ്ചാവ് പുറത്തെടുത്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പ്രതി വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. നേരത്തേ തന്നെ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന പ്രതിയെ ഇന്ന് തെളിവുകളോടെ പിടികൂടുകയായിരുന്നു.




