തൃശൂർ: ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യത്തെ തുടർന്ന് അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേവർപുരയ്ക്കൽ വീട്ടിൽ രാജപ്പൻ (58) ആണ് അറസ്റ്റിലായത്.
ബിഹാർ സ്വദേശിയായ വികാസ് കുമാർ (18) ആണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35ഓടെ കൈപ്പമംഗലം അറവുശാല കള്ള് ഷാപ്പിന് മുന്നിലായിരുന്നു സംഭവം. ബീഡി ചോദിച്ചിട്ട് നൽകാത്തതിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ രാജപ്പനെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൈപ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.ഐമാരായ രഞ്ജിത്ത്, അവിനാഷ് കുമാർ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




