ഇടുക്കി: പീരുമേട് ഗ്ലെൻമേരി എസ്റ്റേറ്റിൽ മദ്യലഹരിയിൽ ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന പ്രിൻസാണ് കൊലപാതകം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (32), ഭാര്യാമാതാവ് വസന്ത (55) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഗൾഫിലായിരുന്ന പ്രിയങ്ക അടുത്തിടെയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതുമുതൽ പ്രിൻസും പ്രിയങ്കയും തമ്മിൽ കുടുംബപരമായ തർക്കങ്ങളും വഴക്കുകളും നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ രാത്രി മദ്യപിച്ച് ലയത്തിലെത്തിയ പ്രിൻസ് പ്രിയങ്കയുമായി വീണ്ടും വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്നാണ് കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പ്രിയങ്കയെയും ഭാര്യാമാതാവ് വസന്തയെയും ആക്രമിച്ചത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും വെട്ടേറ്റത്.
കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച പ്രിൻസിനെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. പീരുമേട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.




