ചെന്നൈ: സിജെപി നേതാക്കളുടെ പ്രതിഷേധത്തെ പിന്തുണച്ച് ബിജെപിയെ വിമർശിച്ച് തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ. ഭരണപരമായ നടപടികളിലെ വീഴ്ചകൾ ചോദ്യം ചെയ്യുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്ന പ്രവണത ബിജെപിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധിച്ച സിജെപി നേതാക്കൾക്കെതിരെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടികളെയും അണ്ണാമലൈ വിമർശിച്ചു.
സിജെപിയുടെ സമരരീതിയോട് വിയോജിപ്പുണ്ടെങ്കിലും പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണമായി പിന്തുണയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. വിമർശിക്കുന്നവരെ ദേശവിരുദ്ധരായി ചിത്രീകരിക്കുന്നതിന് പകരം അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയാണ് വേണ്ടതെന്നും അണ്ണാമലൈ പറഞ്ഞു.
ജൂൺ അഞ്ചിന് താൻ ബിജെപി വിട്ടതാണെന്നും പാർട്ടിയുടെ എല്ലാ നിലപാടുകളെയും കണ്ണടച്ച് പിന്തുണയ്ക്കുന്നയാളല്ല താനെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനപ്പെട്ട വിഷയങ്ങളിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ജന്തർ മന്തറിനെ ഒഴിവാക്കിയതിനെയും അണ്ണാമലൈ വിമർശിച്ചു. കേന്ദ്രസർക്കാരിനെതിരെ അഞ്ച് ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
അതേസമയം, അണ്ണാമലൈയുടെ വിമർശനത്തിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തി. പാർട്ടി വിട്ടശേഷം മുൻ നിലപാടുകളിൽനിന്ന് അണ്ണാമലൈ പിന്നോട്ടുപോകുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് നാരായൺ തിരുപ്പതി ആരോപിച്ചു.
മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈക്ക് ക്രമസമാധാനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം അറിയാമെന്നും അതിനാൽ പൊലീസ് നടപടികളെ ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ മുൻ നിലപാടുകൾക്ക് വിരുദ്ധമാണെന്നും നാരായൺ തിരുപ്പതി വിമർശിച്ചു.




