പുനലൂർ: കേരളത്തിലെ വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച ആദ്യ തീവണ്ടി കന്നിയാത്ര ഇന്ന്. ചില്ലുമേൽക്കൂരയും കണ്ണാടി ജാലകങ്ങളും ഘടിപ്പിച്ച കോച്ചിലിരുന്ന് യാത്രക്കാർക്ക് സഹ്യപർവതനിരകളുടെ അപൂർവ സൗന്ദര്യവും അരുവികളും പുഴയും കുന്നുകളുടെ പച്ചപ്പും വനത്തിന്റെ നിഗൂഢമൗനവും ആസ്വദിക്കാം. രാവിലെ 11.35-ന് മധുരയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിലെത്തുന്ന എക്‌സ്‌പ്രസ് തീവണ്ടിയാണ് ആദ്യ വിസ്റ്റാഡോം കോച്ചുമായി സർവീസ് നടത്തുന്നത്.
തിരുവിതാംകൂറിലെ ആദ്യ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാതയിലെ തീവണ്ടികളിൽ വിസ്റ്റാഡോം കോച്ച് ഘടിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിനാണ് ദക്ഷിണ റെയിൽവേ വ്യാഴാഴ്ച പച്ചക്കൊടി കാട്ടുന്നത്. മഴക്കാലമായതിനാൽ ഒറ്റക്കൽ, തെന്മല, ആര്യങ്കാവ് മേഖലകളിലേക്കെത്തുമ്പോൾ മലഞ്ചെരിവുകളിലൂടെ ഒഴുകിയെത്തുന്ന അരുവികളും കല്ലട അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന കഴുതുരുട്ടിയാറിന്റെ സൗന്ദര്യവും നുകരാനാകും.
വിസ്റ്റാഡോം കോച്ചിൽ 44 എക്‌സിക്യുട്ടീവ് ചെയർകാർ സീറ്റുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. യാത്രക്കാർക്ക് സൗജന്യമായി വൈഫൈ സൗകര്യമുണ്ട്. ആഴ്ചയിൽ നാലുദിവസമായിരിക്കും സർവീസ്. മധുരയിൽ നിന്ന് ഗുരുവായൂരിലേക്ക് വ്യാഴം മുതൽ ഞായർ വരെയും ഗുരുവായൂരിൽ നിന്ന് മധുരയിലേക്ക് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുമാണ് സർവീസ്. മധുരയിൽ നിന്ന് ഗുരുവായൂർ വരെ 1,875 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ പശ്ചിമഘട്ടം ഉൾപ്പെടുന്ന ചെങ്കോട്ട മുതൽ പുനലൂർവരെ 515 രൂപയും. നവംബർ അഞ്ചു വരെയുള്ള ബുക്കിങ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയോ www.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ട്രെയിൻ സമയം
(16327) രാവിലെ 11.35-ന് മധുര ജങ്ഷനിൽനിന്ന് പുറപ്പെടും. കേരള അതിർത്തിയായ ചെങ്കോട്ടയിൽ 2.30-ന് എത്തിച്ചേരും. 2.45-ന് ചെങ്കോട്ടയിൽനിന്ന് യാത്ര തുടങ്ങി 3.09-ന് ഭഗവതിപുരം, 3.29-ന് ആര്യങ്കാവ്, 3.41-ന് ന്യു ആര്യങ്കാവ്, 3.49-ന് ഇടപ്പാളയം, 3.57-ന് കഴുതുരുട്ടി, 4.09-ന് തെന്മല, 4.20-ന് ഒറ്റയ്ക്കൽ, 4.35-ന് ഇടമൺ, 5.55-ന് പുനലൂർ, 6.10-ന് ആവണീശ്വരം, 6.17-ന് കുറി, 6.27-ന് കൊട്ടാരക്കര, 6.34-ന് എഴുകോൺ, 6.40-ന് കുണ്ടറ ഈസ്റ്റ്, 6.49-ന് കുണ്ടറ, 6.57-ന് ചന്ദനത്തോപ്പ്, 7.05-ന് കിളികൊല്ലൂർ, 7.35-ന് കൊല്ലം എന്നിവിടങ്ങളിൽ എത്തിച്ചേരും. ചെങ്കോട്ട, പുനലൂർ സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റും കൊല്ലത്ത് 10 മിനിറ്റും മറ്റു സ്റ്റേഷനുകളിൽ ഒരുമിനിറ്റും ട്രെയിൻ നിർത്തും.




