ന്യൂഡൽഹി: ജന്തർ മന്തറിൽ പ്രതിഷേധം നടത്തിയ സംഭവത്തിൽ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇന്ന് ഡൽഹിയിലെ രജൗരി ഗാർഡൻ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ജന്തർ മന്തറിൽ അതിക്രമിച്ച് കയറി പ്രതിഷേധിച്ചെന്നാണ് ഇവർക്കെതിരായ കേസ്.
കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇരുവരും പുറത്തിറങ്ങി മണിക്കൂറുകൾക്കകമാണ് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ലഭിച്ചത്. ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെ നിരോധനം മറികടന്ന് സിജെപി നേതാക്കൾ ഇവിടെ പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രണ്ട് കേസുകളാണ് ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ദേശീയ പതാകയുമായി ജന്തർ മന്തറിലെത്തിയ സിജെപി പ്രവർത്തകർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ദിവസങ്ങൾക്കുശേഷം ഡൽഹിയിലെ മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇരുവർക്കും ജാമ്യം അനുവദിച്ചു. ജുഡീഷ്യൽ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഉപാധികളോടെ ജാമ്യം നൽകിയത്. അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള തുടർ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്യാൻ ഇന്ത്യ സഖ്യം യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക.




