കണ്ണൂര്: പാർട്ടിയുമായി അകലുന്നുവെന്ന സൂചനയുമായി സി.പി.ഐ.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്. ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയായിരിക്കണമെന്നില്ലെന്നും ഒരു കരയിൽനിന്ന് മറുകരയിലെത്താൻ സഹായിച്ച ചങ്ങാടം ജീവിതകാലം മുഴുവൻ ചുമന്നുനടക്കേണ്ടതില്ലെന്നും ദിവ്യ കുറിച്ചു. അതിനെ ഉപേക്ഷിക്കുന്നത് നന്ദികേടല്ലെന്നും ജീവിതം പഠിപ്പിച്ച പാഠമാണെന്നും കുറിപ്പിലുണ്ട്. തുടർ കുറിപ്പുകളുണ്ടാകുമെന്ന സൂചനയും ദിവ്യ നൽകുന്നുണ്ട്.
ബുദ്ധൻ തന്റെ ശിഷ്യന്മാരോട് പറഞ്ഞതായി പറയപ്പെടുന്ന ഒരു കഥയെ ആസ്പദമാക്കിയാണ് ദിവ്യയുടെ കുറിപ്പ്. യാത്രയ്ക്കിടെ നദി കടക്കാൻ ചങ്ങാടമുണ്ടാക്കി മറുകരയിലെത്തിയ ഒരാൾ, തന്നെ രക്ഷിച്ച ചങ്ങാടത്തോടുള്ള നന്ദി കാരണം അതും ചുമന്നുകൊണ്ട് യാത്ര തുടരുന്നതാണ് കഥ. ചങ്ങാടം ഉപേക്ഷിക്കാത്തത് ശരിയാണോ എന്ന ബുദ്ധന്റെ ചോദ്യത്തിന് ശിഷ്യന്മാർ അല്ലെന്നായിരുന്നു മറുപടി.
ഈ കഥയിലൂടെ മനുഷ്യബന്ധങ്ങളെയും ജീവിതത്തിലെ അനുഭവങ്ങളെയും കുറിച്ചുള്ള ചിന്തകളാണ് ദിവ്യ പങ്കുവെക്കുന്നത്. ഒരിക്കൽ ചേർത്തുപിടിച്ച ബന്ധങ്ങൾ പിന്നീട് വേദനിപ്പിച്ചേക്കാമെന്നും ഒരുകാലത്ത് തുണയായിരുന്ന ശീലങ്ങൾ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാകാമെന്നും കുറിപ്പിൽ പറയുന്നു. ചിലതിനോട് നന്ദിയുള്ളവരായിരിക്കണം, മറ്റു ചിലതിനെ സ്നേഹത്തോടെ യാത്രയാക്കണം. ജീവിതത്തിൽ എല്ലാറ്റിനെയും മുറുകെപ്പിടിക്കുന്നതല്ല പ്രധാനം, വിട്ടുപോകേണ്ടതിനെ തിരിച്ചറിയാനുള്ള വിവേകമാണെന്നും ദിവ്യ കുറിക്കുന്നു.
ജീവിതയാത്രയിൽ കണ്ടുമുട്ടിയ മനുഷ്യരും അനുഭവിച്ച സാഹചര്യങ്ങളും മനസ്സിൽ അവശേഷിപ്പിച്ച ചിന്തകളും ചോദ്യങ്ങളുമാണ് പങ്കുവെക്കുന്നതെന്ന് ദിവ്യ വ്യക്തമാക്കുന്നു. ചില അനുഭവങ്ങൾ മനുഷ്യരെ തിരിച്ചറിയാനും ബന്ധങ്ങളുടെ ആഴം അളക്കാനും സത്യത്തിന്റെയും നീതിയുടെയും വില മനസ്സിലാക്കാനും സഹായിച്ചെന്നും കുറിപ്പിലുണ്ട്.
“ഓരോ കഥയ്ക്കു പിന്നിലും ഒരു ജീവിതമുണ്ട്… ഓരോ ജീവിതത്തിനുള്ളിലും പറയാതെപോയ ഒരു സത്യവും” എന്ന വരികളോടെയാണ് കുറിപ്പ് മുന്നോട്ടുപോകുന്നത്. “നീതി വൈകിയേക്കാം, പക്ഷേ സത്യത്തിന്റെ ശബ്ദം ഒരിക്കലും മങ്ങില്ല” എന്ന സന്ദേശവും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിൽ പാർട്ടിയുടെയോ ഏതെങ്കിലും നേതാവിന്റെയോ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, ബന്ധങ്ങൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ചും പഴയ നിലപാടുകൾ മാറ്റുന്നതിനെക്കുറിച്ചുമുള്ള പരാമർശങ്ങളാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.




