തൃശ്ശൂർ: തൃശ്ശൂർ പൂരം അട്ടിമറിച്ച സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം രംഗത്ത്. നിലവിലെ അന്വേഷണ റിപ്പോർട്ടിനെ വിമർശിച്ച് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ രംഗത്തെത്തി. റിപ്പോർട്ട് യഥാർഥ വസ്തുതകളെ വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
പൂരം കലക്കലിന് പിന്നിൽ ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും സംഭവത്തിൽ വീണ്ടും അന്വേഷണം നടത്തണമെന്നും ഗിരീഷ് കുമാർ ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന നിലപാടിലാണ് ദേവസ്വം.
വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ദേവസ്വം മന്ത്രി എന്നിവരെ നേരിൽ കാണാനും തിരുവമ്പാടി ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനുള്ള നീക്കത്തിലാണ് ദേവസ്വം അധികൃതർ. പുനരന്വേഷണത്തിലൂടെ പൂരം കലക്കലുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നാണ് തിരുവമ്പാടി ദേവസ്വത്തിന്റെ ആവശ്യം.




