കൊച്ചി: വിവാദങ്ങൾക്കിടെ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിന്റെ ആദ്യ സമ്പൂർണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേർന്നു. എ.പി. സമസ്തയ്ക്ക് പ്രാതിനിധ്യം നൽകുന്നതിനായി അംഗത്വം ഒഴിയാൻ സന്നദ്ധത അറിയിച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും യോഗത്തിൽ പങ്കെടുത്തു. രാജിക്കാര്യത്തിൽ സർക്കാരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
എം.സി. മായിൻ ഹാജിയെ അധ്യക്ഷനാക്കിയാണ് യുഡിഎഫ് സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചത്. ബോർഡിന്റെ ആദ്യ യോഗം രാവിലെ 11 മണിക്ക് കൊച്ചിയിലെ ആസ്ഥാനത്ത് ആരംഭിച്ചു. ഭരണപരമായ കാര്യങ്ങളിലെ തീരുമാനങ്ങളായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട.
എൽഡിഎഫ് സർക്കാർ നിയമിച്ച കെ.എസ്. ഹംസ അധ്യക്ഷനായ ബോർഡിന്റെ കാലാവധി ബാക്കിയിരിക്കെയാണ് പുതിയ സർക്കാർ ബോർഡ് പുനഃസംഘടിപ്പിച്ചത്. എന്നാൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എ.പി. സമസ്തയ്ക്ക് പുതിയ ബോർഡിൽ പ്രാതിനിധ്യം നൽകിയില്ല. ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ലീഗ് മന്ത്രിമാരും ചെയർമാൻ എം.സി. മായിൻ ഹാജിയും അനുനയ നീക്കങ്ങൾ നടത്തിയിരുന്നു.
തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അംഗത്വം ഒഴിയുകയും പകരം എ.പി. സമസ്തയുടെ പ്രതിനിധിയെ ഉൾപ്പെടുത്തുകയും ചെയ്യുമെന്നായിരുന്നു സമവായ നിർദേശം. എന്നാൽ എ.പി. സമസ്തയുടെ പ്രതിനിധി ആരായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം, വഖഫ് ബോർഡ് പുനഃസംഘടനയ്ക്ക് രാഷ്ട്രീയ മുഖം നൽകിയെന്നാരോപിച്ച് പി.ഡി.പി. ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തി.




