എറണാകുളം: ആലുവ എംഎൽഎ അൻവർ സാദത്തിനെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. നെടുമ്പാശ്ശേരി മേയ്ക്കാട് സ്വദേശി എം.ജെ. ജോബിയെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന യാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ മൂന്നാം പ്രതി കൂടിയാണ് ജോബി. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ ഫേസ്ബുക്കിലൂടെ എംഎൽഎയ്ക്കെതിരെ വധഭീഷണി ഉയർത്തിയത്.
കവർച്ചാക്കേസിലെ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് അൻവർ സാദത്ത് എംഎൽഎ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയിലുള്ള വൈരാഗ്യമാണ് എംഎൽഎയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.



