ഇടുക്കി: ഇടുക്കി ഉപ്പുതറ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. ബി.ജെ.പി അംഗം വിപ്പ് ലംഘിച്ച് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. ആകെ 18 അംഗങ്ങളിൽ 10 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ബി.ജെ.പി അംഗം നിഷ പ്രദീപാണ് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തത്.
കഴിഞ്ഞ പത്ത് വർഷമായി എൽ.ഡി.എഫായിരുന്നു പഞ്ചായത്തിലെ ഭരണത്തിലുണ്ടായിരുന്നത്. ആകെ 18 അംഗങ്ങളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവും സ്വതന്ത്രന് ഒരംഗവുമായിരുന്നു ഉണ്ടായിരുന്നത്. സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് ഭരണം നിലനിർത്തിയിരുന്നത്. എന്നാൽ സ്വതന്ത്ര അംഗവുമായുള്ള തർക്കങ്ങളെ തുടർന്ന് കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. സ്വതന്ത്രന്റെയും ബി.ജെ.പി അംഗത്തിന്റെയും പിന്തുണ ലഭിച്ചതോടെ യു.ഡി.എഫിന് ഭരണം പിടിക്കാനായി.
അതേസമയം, തൃശൂർ പാറളം പഞ്ചായത്തിന്റെ ഭരണവും കോൺഗ്രസ് പിടിച്ചെടുത്തു. വിപ്പ് ലംഘിച്ച് സി.പി.ഐയിലെ രണ്ട് അംഗങ്ങൾ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ബി.ജെ.പി ഭരണസമിതിക്ക് ഭരണം നഷ്ടമായത്. കോൺഗ്രസിലെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
17 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിനും ബി.ജെ.പിക്കും ആറ് അംഗങ്ങൾ വീതവും സി.പി.ഐക്ക് മൂന്ന് അംഗങ്ങളുമാണുള്ളത്. ഇതിൽ രണ്ട് സി.പി.ഐ അംഗങ്ങൾ കോൺഗ്രസിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് ഭരണമാറ്റമുണ്ടായത്. വിജയം കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് പുതിയ പഞ്ചായത്ത് പ്രസിഡന്റ് റോസ് മേരി അബേഷ് പ്രതികരിച്ചു.




