ഡൽഹി: തിഹാർ ജയിലിൽ നിന്ന് മോചിതരായതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കും മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെയ്ക്കും ഡൽഹി ക്രൈംബ്രാഞ്ചിന്റെ സമൻസ്. ജന്തർ മന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് ബാരിക്കേഡുകൾ മറികടന്ന് സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് രാജ്ഗോരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് മൂന്ന് നേതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 13-നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. ജനതാദൾ യുണൈറ്റഡാണ് കേസിൽ പരാതി നൽകിയത്. പ്രതിഷേധം നടന്ന സ്ഥലത്തിന് സമീപമാണ് ജനതാദൾ യുണൈറ്റഡിന്റെ ഓഫീസ്.
ജന്തർ മന്തറിൽ പ്രതിഷേധിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകിയതിന്റെയും അരലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചതിന്റെയും അടിസ്ഥാനത്തിലാണ് സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഇന്നലെ ഡൽഹിയിലെ പ്രത്യേക മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. തിഹാർ ജയിലിൽ തടവിലായിരുന്ന ഇരുവരും രാത്രിയോടെയാണ് മോചിതരായത്. അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരടക്കം മൂന്ന് നേതാക്കൾക്കും ക്രൈംബ്രാഞ്ച് സമൻസ് അയച്ചത്.




