ന്യൂഡൽഹി: ഐസ നേതാവ് നേഹ ബോറയുടെ ഹരജിയിൽ ഡൽഹി ഹൈക്കോടതിയിൽ വാദം തുടങ്ങി. നേഹ ബോറയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ശങ്കരനാരായണനും ഡൽഹി പൊലീസിനുവേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമയുമാണ് കോടതിയിൽ ഹാജരായത്.
നേഹ ബോറയെ കസ്റ്റഡിയിലെടുത്ത നടപടി നിയമവിരുദ്ധമാണെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. നേഹ പങ്കെടുക്കുന്നത് സമാധാനപരമായ പ്രതിഷേധങ്ങളിലാണെന്നും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെ അക്രമത്തിനോ കുറ്റകൃത്യങ്ങൾക്കോ ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിഷേധസ്ഥലത്ത് നേഹ എത്തിയത് വെറും പത്തുമിനിറ്റ് മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചു.
കസ്റ്റഡിയിലെടുത്ത സമയത്ത് അഭിഭാഷകരുമായി ബന്ധപ്പെടാനുള്ള മൗലികാവകാശം നിഷേധിക്കപ്പെട്ടതായും നേഹയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സെൻട്രൽ പാർക്കിൽ പ്രതിഷേധം നടത്താനുള്ള ആഹ്വാനവുമായി നേഹയ്ക്ക് ബന്ധമില്ലെന്നും കൊണാട്ട് പ്ലേസിൽ പ്രതിഷേധത്തിന് നേഹയോ ഐസയോ ആഹ്വാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 163-ാം വകുപ്പ് ബാധകമല്ലാത്ത സ്ഥലത്ത് പൊലീസ് തെറ്റായ അറിയിപ്പ് നൽകിയെന്നും അഭിഭാഷകൻ ആരോപിച്ചു. സമാധാനം ഉറപ്പാക്കുന്നതിനായി പീസ് ബോണ്ടിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ നോട്ടീസും നിയമവിരുദ്ധമാണെന്ന് നേഹയുടെ ഭാഗം വാദിച്ചു. പൊലീസ് നിർദേശിച്ച മേഖലയ്ക്ക് പുറത്താണ് പ്രതിഷേധം നടന്നതെന്നും കോടതിയിൽ വിശദീകരിച്ചു.
അതേസമയം, നേഹ ബോറയുടെ ഹരജിയെ ഡൽഹി പൊലീസ് എതിർത്തു. ഹരജി നിലനിൽക്കില്ലെന്നാണ് പൊലീസിന്റെ വാദം. ഇരുവിഭാഗത്തിന്റെയും വാദങ്ങൾ ഡൽഹി ഹൈക്കോടതി നിലവിൽ പരിഗണിച്ചുവരികയാണ്.




