ബെംഗളൂരു: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിൻ നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ അറിയിച്ചു. ബെംഗളൂരു– മുംബൈ റൂട്ടിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിക്കുന്നത്. ഇതോടെ നിലവിൽ ഏകദേശം 24 മണിക്കൂർ എടുക്കുന്ന യാത്രാസമയം 16 മണിക്കൂറായി കുറയും.
16 എസി കോച്ചുകളുള്ള ട്രെയിനിൽ ആകെ 823 ബെർത്തുകളുണ്ടാകും. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ബെംഗളൂരുവിൽനിന്ന് രാത്രി 7.50ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് മുംബൈയിലെത്തും. ഈ യാത്രയ്ക്ക് 16 മണിക്കൂർ അഞ്ച് മിനിറ്റ് വേണ്ടിവരും. മുംബൈയിൽനിന്ന് രാത്രി 8.10ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 11.55ന് ബെംഗളൂരുവിലെത്തും. ഈ ദിശയിൽ യാത്രാസമയം 15 മണിക്കൂർ 45 മിനിറ്റാണ്.
അതേസമയം, നവംബർ ഒന്നിന് സർവീസ് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റെയിൽവേ ബോർഡിൽനിന്ന് ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ സർവീസ് ആരംഭിക്കുന്ന തീയതിയിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.




