ന്യൂഡല്ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം. ‘പീപ്പിൾ എഗെയിൻസ്റ്റ് എസ്ഐആർ’ നേതൃത്വം നൽകിയ മാർച്ചിൽ ഇടതുസംഘടനകളും കർഷക സംഘടനകളും പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
‘ജനാധിപത്യത്തെ തിരികെ പിടിക്കുക’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു മാർച്ച്. സി.ജെ.പി നേതാക്കൾ കൂട്ടായ്മയുടെ ഭാഗമാണെങ്കിലും പ്രതിഷേധത്തിൽ പങ്കെടുത്തില്ല. ജാമ്യവ്യവസ്ഥയുടെ ഭാഗമായി സമാധാന ബോണ്ട് ഉൾപ്പെടെയുള്ള നിബന്ധനകൾ നിലവിലുള്ളതിനാൽ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാകാമെന്ന വിലയിരുത്തലിലാണ് താൽക്കാലികമായി മാറിനിൽക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ക്യാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചിരുന്നുവെന്ന് ക്യാബിനറ്റ് സെക്രട്ടേറിയറ്റ് സ്ഥിരീകരിച്ചു. വിവരാവകാശ പ്രവർത്തകൻ കമഡോർ ലോകേഷ് ബത്ര നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, നടപടി സ്വീകരിക്കുന്നത് അനുചിതമായിരിക്കുമെന്ന് ക്യാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ മറുപടി നൽകിയതായും രേഖകൾ വ്യക്തമാക്കുന്നു. ഇത്തരമൊരു നടപടി ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലുള്ള ഇടപെടലായി വ്യാഖ്യാനിക്കപ്പെടാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഓഗസ്റ്റ് അഞ്ചിനാണ് മറുപടി നൽകിയത്.
കത്തുകളെക്കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അഭിപ്രായം തേടാൻ ഓഗസ്റ്റ് മൂന്നിന് ക്യാബിനറ്റ് സെക്രട്ടേറിയറ്റ് നിർദേശിച്ചിരുന്നു. എന്നാൽ, കമ്മീഷണർമാർ അയച്ച കത്തുകൾ അവരുടെ വ്യക്തിപരമായ നിലയിലുള്ളതാണെന്നും അവ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ആശയവിനിമയമായി കണക്കാക്കാനാകില്ലെന്നും ഓഗസ്റ്റ് നാലിലെ രേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. കത്തുകൾ ലഭിച്ചതായി അറിയിച്ചുകൊണ്ടുള്ള മറുപടി മാത്രമാണ് രണ്ട് കമ്മീഷണർമാർക്കും നൽകിയത്.
ഓഗസ്റ്റ് അഞ്ചിലെ മറുപടിയുടെ പകർപ്പുകൾ പേഴ്സണൽ ആൻഡ് ട്രെയിനിങ് വകുപ്പ് സെക്രട്ടറി, വകുപ്പിലെ എസ്റ്റാബ്ലിഷ്മെന്റ് ഓഫീസർ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി എന്നിവർക്കും അയച്ചുനൽകിയിരുന്നു. ഗ്യാനേഷ് കുമാറിനും മറുപടിയുടെ പകർപ്പ് കൈമാറിയതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബിർ സിങ് സന്ധുവും വിവേക് ജോഷിയും അയച്ച കത്തുകളിൽ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ (അഡ്മിനിസ്ട്രേഷൻ) ചുമതല വഹിക്കുന്ന ലിങ്ക് ഓഫീസറായ ഗാർഗിന്റെ നടപടികളാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. കമ്മീഷനുമായോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായോ മുൻകൂർ ചർച്ച നടത്താതെ മുതിർന്ന ഉദ്യോഗസ്ഥർക്കിടയിലെ ജോലി വിഭജനം പരിഷ്കരിച്ച് ഗാർഗ് ഉത്തരവിറക്കിയെന്നാണ് ഇരുവരുടെയും ആരോപണം.
കമ്മീഷനുമായി ചർച്ച ചെയ്യാതെയോ അനുമതി വാങ്ങാതെയോ ഇത്തരം തീരുമാനങ്ങൾ എടുക്കരുതെന്ന് വാക്കാലും രേഖാമൂലവും നിർദേശം നൽകിയിരുന്നുവെന്നും എന്നാൽ അത് ലംഘിച്ചാണ് മാറ്റങ്ങൾ വരുത്തിയതെന്നും കത്തുകളിൽ പറയുന്നു. അഡ്മിനിസ്ട്രേഷൻ വിഭാഗത്തോട് ഒരു ഫയൽ ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ തയ്യാറായില്ലെന്നും വിവേക് ജോഷി ആരോപിച്ചു.
നിലവിലുള്ള കീഴ്വഴക്കങ്ങൾക്ക് വിരുദ്ധമാണ് ഈ മാറ്റങ്ങളെന്നും 2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ് (അപ്പോയിന്റ്മെന്റ്, കണ്ടീഷൻസ് ഓഫ് സർവീസ് ആൻഡ് ടേം ഓഫ് ഓഫീസ്) നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും കമ്മീഷണർമാർ കത്തിൽ വാദിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗാർഗിനെ 2024 സെപ്റ്റംബർ രണ്ടിനാണ് ക്യാബിനറ്റിന്റെ നിയമന സമിതി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നിയമിച്ചത്.




