ശ്രീനഗർ: ജമ്മു കശ്മീരിലെ ഉദ്ദംപുരിൽ രണ്ടാനമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്ദംപുരിൽ താമസിക്കുന്ന സുഷമ ദേവി (45) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കേശവ് വർമയുടെ ആദ്യവിവാഹത്തിലെ മകനായ മോകേഷ് വർമ (30) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച വൈകിട്ടാണ് വീട്ടിൽവെച്ച് മോകേഷ് വർമ സുഷമ ദേവിയുടെ ദേഹത്ത് ഡീസൽ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സുഷമ ദേവിയെ ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിന്റെ 70 ശതമാനത്തോളം പൊള്ളലേറ്റ ഇവർ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരിച്ചു.
തീ പടർന്നതോടെ സുഷമ ദേവി വീട്ടിൽനിന്ന് നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശരീരമാസകലം തീ പടർന്ന നിലയിൽ പുറത്തേക്ക് ഓടിയെത്തിയ സുഷമ ദേവിയെ അയൽക്കാർ ചേർന്നാണ് തീയണച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി മോകേഷ് സുഷമ ദേവിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.



