കൊച്ചി: വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. ഇടക്കാല സ്റ്റേ വേണമെന്ന ആവശ്യം കോടതി തള്ളി. വഖഫ് ബോർഡിനും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. മുൻ വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയാണ് രണ്ട് അംഗങ്ങളെ ഒഴിവാക്കി ബോർഡ് പുനഃസംഘടിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഹർജി നൽകിയത്.
വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങളെ അവഗണിച്ചെന്നാരോപിച്ച് എ.പി. സുന്നി വിഭാഗം മുഖ്യമന്ത്രിക്ക് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ സമവായ ഫോർമുല തയ്യാറാക്കിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ളവർ മുസ്‌ലിം ലീഗ് നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രശ്നപരിഹാരത്തിന് നിർദേശം മുന്നോട്ടുവെച്ചത്.
എ.പി. സുന്നി വിഭാഗത്തിന് വഖഫ് ബോർഡിൽ അംഗത്വം നൽകാനും പകരം ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വിഭാഗം ഒഴിയാനുമായിരുന്നു ധാരണ. പൊന്നാനി എം.എൽ.എ നൗഷാദ് അലി സമവായ ചർച്ചകളിൽ നിർണായക പങ്കുവഹിച്ചു.
പുതിയ വഖഫ് ബോർഡിൽ അംഗമായി ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ രാജിവെപ്പിച്ച് ആ സ്ഥാനത്ത് എ.പി. സുന്നി വിഭാഗത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താനാണ് തീരുമാനം. ഹജ്ജ് കമ്മിറ്റി അധ്യക്ഷസ്ഥാനം കൊണ്ട് തൃപ്തിപ്പെടില്ലെന്ന് എ.പി. സുന്നി വിഭാഗം നിലപാടെടുത്തതോടെയാണ് വഖഫ് ബോർഡ് അംഗത്വം നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ളവർ തീരുമാനിച്ചത്. അതേസമയം, ഏത് തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി വ്യക്തമാക്കി.



