കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റുമായി ബന്ധപ്പെട്ട പിഴവുകളിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ സമർപ്പിച്ച മറുപടി സത്യവാങ്മൂലം കോടതി അംഗീകരിച്ചില്ല. സോഫ്റ്റ്വെയർ നിർമിക്കാൻ ലോജിക്കൽ സ്റ്റെപ് എന്ന കമ്പനിയെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡങ്ങൾ എന്താണെന്ന് കോടതി ചോദിച്ചു.
ടെൻഡർ വിളിക്കാതെ ഇത്തരമൊരു നടപടിയിലേക്ക് പോകാൻ കഴിയുമോയെന്നും കോടതി ആരാഞ്ഞു. സോഫ്റ്റ്വെയർ നിർമാണത്തിനായി ഒരു സ്വകാര്യ വ്യക്തി പണം മുടക്കാമെന്ന് അറിയിച്ചതിന്റെ ആവശ്യകതയും കോടതി ചോദ്യം ചെയ്തു. ദേവസ്വത്തിന്റെ കാര്യങ്ങൾക്ക് സ്വകാര്യ വ്യക്തിയുടെ പണം എന്തിനാണെന്നും കോടതി ചോദിച്ചു.
ലോജിക്കൽ സ്റ്റെപ് കമ്പനി മുമ്പ് നടത്തിയിട്ടുള്ള സോഫ്റ്റ്വെയർ അപ്ഡേഷനുകൾ ഏതൊക്കെയാണെന്നും കോടതി ആരാഞ്ഞു. കഴിഞ്ഞ നാല് വർഷമായി ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റ് നടക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കണക്കുകൾ കൃത്യമാക്കാൻ ചാർട്ടേഡ് അക്കൗണ്ടന്റിനോട് ആവശ്യപ്പെടണമെന്നും കോടതി നിർദേശിച്ചു. നേരത്തെ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന് കൃത്യമായ മറുപടി നൽകാൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് കോടതി നിർദേശം നൽകി. ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് ദേവസ്വം ബെഞ്ച് പരിഗണിച്ചത്.




