ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യക്ക് ആവേശ വിജയം. ആതിഥേയരായ കിവീസിനെ 4 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലെത്തിയത്. തോറ്റെന്ന പ്രതീതി ഉയര്‍ന്ന മത്സരത്തില്‍, അവസാന ഓവര്‍ വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും തിലക് വര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 181 റണ്‍സെന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ടീം തുടക്കത്തില്‍ തകര്‍ച്ചയെ നേരിട്ടെങ്കിലും, മധ്യനിരയിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഒരു പന്ത് ബാക്കിയാക്കി വിജയം പിടിച്ചെടുക്കുകയായിരുന്നു. സഞ്ജു സാംസണ് (14), അഭിഷേക് ശര്‍മ (27) എന്നിവര്‍ക്ക് വലിയ സ്കോര്‍ കണ്ടെത്താനായില്ല. ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ അന്തിമ ഇലവനിലെത്തിലെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി (4) പരാജയപ്പെട്ടു.
തകര്‍പ്പന്‍ ഫോമില്‍ കളിച്ച തിലക് വര്‍മ (26 പന്തില്‍ പുറത്താകാതെ 51) അര്‍ധസെഞ്ച്വറി നേടി തിളങ്ങി. അവസാന ഓവറുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും തകര്‍ത്തടിച്ചതോടെ ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. കിവികള്‍ക്കായി മിച്ചല്‍ സാന്റ്നര്‍ നാലോവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു.




