കൊച്ചി: ചേരാനെല്ലൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ കാർ ഓടിച്ച 17കാരന് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മഴയുണ്ടായിരുന്നതിനാൽ മുന്നിൽ പോയിരുന്ന വാഹനം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് 17കാരന്റെ മൊഴി. പ്രായപൂർത്തിയാകാത്ത മകന് വാഹനം കൈമാറിയതിന് ജഡ്ജിക്കെതിരെയും കേസെടുക്കും.
അതേസമയം, കേസിൽ അട്ടിമറി നടന്നതായി ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. അപകടവിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ തങ്ങളോട് ജഡ്ജി കയർത്തു സംസാരിച്ചെന്നും ബന്ധു ആരോപിച്ചു.
17കാരന്റെ ചിത്രം പകർത്തിയപ്പോൾ ഉടൻതന്നെ അത് മായ്ച്ചുകളയണമെന്ന് പൊലീസ് ആവശ്യപ്പെട്ടതായും ബന്ധു പറഞ്ഞു. അല്ലാത്തപക്ഷം തനിക്ക് പ്രശ്നമുണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയെന്നും ഫോണിൽനിന്ന് ചിത്രം മായ്ക്കാനായി ഫോൺ പിടിച്ചുവാങ്ങിയെന്നും ബന്ധു ആരോപിച്ചു. വെള്ളക്കെട്ടാണ് അപകടത്തിന് കാരണമെന്ന് ജഡ്ജി പറഞ്ഞതായും ബന്ധു വ്യക്തമാക്കി. എന്നാൽ കണ്ടെയ്നർ റോഡിൽ വെള്ളക്കെട്ടുണ്ടായിരുന്നില്ലെന്നും വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുള്ള സ്ഥലത്താണ് അപകടം നടന്നതെന്നും കുടുംബം പറയുന്നു.
തട്ടുകട നടത്തിവന്ന ജയബാലകൃഷ്ണൻ പുലർച്ചെ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 17കാരൻ ഓടിച്ച ബെൻസ് കാർ അമിതവേഗത്തിലെത്തി അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയബാലകൃഷ്ണൻ ദൂരേക്ക് തെറിച്ചുവീണു. നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂട്ടറിന്റെയും കാറിന്റെയും നിലവിലെ അവസ്ഥ പരിശോധിക്കുമ്പോൾ ഇടിയുടെ ആഘാതം വ്യക്തമാണെന്ന് ബന്ധുക്കൾ പറയുന്നു. അപകടത്തിനുശേഷം ബെൻസ് കാർ പെട്ടെന്ന് സംഭവസ്ഥലത്തുനിന്ന് മാറ്റി താഴെയുള്ള സർവീസ് റോഡിലേക്ക് കൊണ്ടുപോയെന്നും വാഹനത്തിന്റെ നമ്പർ നീക്കം ചെയ്തെന്നും കുടുംബം ആരോപിച്ചു. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാതെ ഇത്തരത്തിൽ മാറ്റിയതിലും ബന്ധുക്കൾ സംശയം ഉന്നയിക്കുന്നു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ബെൻസ് കാറിന്റെ നമ്പർ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന ആശങ്കയും കുടുംബം പങ്കുവച്ചു.




