പാലക്കാട്: അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ തടയാൻ കൂടുതൽ നടപടികളുമായി ആരോഗ്യവകുപ്പ്. ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ കൂടുതൽ പേരെ ഉടൻ നിയമിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആരോഗ്യസംവിധാനങ്ങളിലെ പോരായ്മകൾ നേരിട്ട് വിലയിരുത്തുന്നതിനായി മന്ത്രി അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി സന്ദർശിച്ചു.
ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. ഡോക്ടർമാരുടെ കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് മന്ത്രി സമ്മതിച്ചു. പീഡിയാട്രിക് ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നതിനൊപ്പം നിയോനാറ്റൽ പീഡിയാട്രി വിഭാഗവും വിപുലീകരിക്കും. ഫീൽഡ് സ്റ്റാഫുകളുടെ എണ്ണവും വർധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ജനനി ജന്മരക്ഷ പദ്ധതിയിൽ സാമ്പത്തിക സഹായത്തിന് പകരം പോഷകാഹാരം ലഭ്യമാക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്. ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം പുനഃസ്ഥാപിക്കാനും നടപടി സ്വീകരിക്കും. കുടിശ്ശിക തുക ഉടൻ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, അട്ടപ്പാടിയിലെ ശിശുമരണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കരിദിനം ആചരിച്ചു. ഡിവൈഎഫ്ഐ അട്ടപ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചു. ശിശുമരണങ്ങൾ തടയാൻ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നതിനിടെയാണ് ആരോഗ്യവകുപ്പിന്റെ പുതിയ പ്രഖ്യാപനങ്ങൾ.




