കല്പറ്റ: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഠനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സർക്കാർ സ്ഥലംമാറ്റി. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും ഇത് പൊതുവിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
ഷിവി കൃഷ്ണനെ വയനാട്ടിലെ വടുവൻചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് സ്ഥലംമാറ്റിയത്. തുടർന്നുള്ള സ്ഥലംമാറ്റങ്ങൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആരോപണവിധേയനായ പി.ടി.എ. പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് നീക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി.
വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി റോജി ബെന്നിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ശനിയാഴ്ച രാത്രി വൈകിയാണ് ഉത്തരവ് പുറത്തിറങ്ങിയത്.




