തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം മുൻ ചെയർമാൻ എം.കെ. സക്കീറിലേക്കും. സക്കീർ ചെയർമാനായിരുന്ന കാലത്ത് നടന്ന ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് ഇൻസ്പെക്ടർ പരീക്ഷകളിൽ ക്രമക്കേട് നടന്നെന്ന പരാതിയിലാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. സംഭവത്തിൽ വിശദമായ മൊഴിയെടുക്കുന്നതിനായി എം.കെ. സക്കീറിന് എസ്‌ഐടി നോട്ടീസ് നൽകും. ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ നിലവിലെ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിനെ നേരത്തെ കേസിൽ പ്രതി ചേർത്തിരുന്നു. പിഎസ്‌സി അംഗങ്ങളും കേസിൽ പ്രതികളാണ്. ഇഷ്ടക്കാർക്ക് അനർഹമായ രീതിയിൽ നിയമനം നൽകി പ്രതികൾ സാമ്പത്തികവും ഔദ്യോഗികവുമായ നേട്ടമുണ്ടാക്കിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അധികാരദുർവിനിയോഗത്തിലൂടെ യോഗ്യതയില്ലാത്തവർക്ക് നിയമനം നൽകിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു.
എം.ആർ. ബൈജുവിനെയും പിഎസ്‌സി അംഗങ്ങളെയും പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയ സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്യാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. ആസൂത്രണബോർഡ് പരീക്ഷയിൽ പിഎസ്‌സിക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ സാങ്കേതിക പിഴവാണ് സംഭവത്തിന് കാരണമെന്നുമായിരുന്നു ചെയർമാന്റെ വിശദീകരണം.
ചോദ്യപ്പേപ്പർ തയ്യാറാക്കുന്നയാളെ തീരുമാനിക്കാനും അഭിമുഖത്തിനുള്ള അംഗങ്ങളെ നിർദേശിക്കാനും തനിക്ക് അധികാരമുണ്ടെന്നും അഭിമുഖത്തിന്റെ മാർക്ക് 40ൽ നിന്ന് 25 ആക്കി കുറച്ചത് തന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും എം.ആർ. ബൈജു മൊഴി നൽകിയിരുന്നു.
അന്വേഷണത്തിലെ മെല്ലെപ്പോക്കിനെതിരെ ഹൈക്കോടതി നേരത്തെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതും ചോദ്യം ചെയ്യാത്തതും ചൂണ്ടിക്കാട്ടിയ കോടതി, എന്ത് അന്വേഷണമാണ് നടക്കുന്നതെന്ന് ചോദിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും കോടതി നടപടികൾ തടസ്സമല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കാൻ എസ്‌ഐടി നീക്കം ആരംഭിച്ചത്.
അതിനിടെ, കേസിൽ ഒളിവിലായിരുന്ന പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ കഴിഞ്ഞ ദിവസം എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തെ ബന്ധുവീട്ടിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ പി. സതീഷിനെ നേരത്തെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ആദ്യ അറസ്റ്റായിരുന്നു ഇത്.




