തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്, ടാറ്റാനഗർ-എറണാകുളം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളുടെ സർവീസുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും മറ്റ് ചിലത് വൈകി ഓടുകയും ചെയ്യും.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് (16306) നവംബർ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 1, 4 തീയതികളിൽ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ തൃശ്ശൂർ-എറണാകുളം റൂട്ടിൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.
ടാറ്റാനഗർ-എറണാകുളം ജങ്ഷൻ എക്സ്പ്രസ് (18189) നവംബർ 12, 19, 26 തീയതികളിൽ ആലുവയിൽ സർവീസ് അവസാനിപ്പിക്കും.
മാവേലി എക്സ്പ്രസ് കോട്ടയം വഴി
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) നവംബർ 13, 20, 27 തീയതികളിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്പ്രസ് (16604) നവംബർ 13, 15 തീയതികളിലും കോട്ടയം വഴി തിരിച്ചുവിടും. ഈ ദിവസങ്ങളിൽ ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
ചില ട്രെയിനുകൾ വൈകിയോടും
മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) നവംബർ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 1, 4 തീയതികളിൽ ഒരു മണിക്കൂർ വൈകിയോടും.
രാമേശ്വരം-തിരുവനന്തപുരം സെൻട്രൽ അമൃത എക്സ്പ്രസ് (16344) നവംബർ 14, 15, 17, 20, 21, 22, 24, 27, 28, 29, ഡിസംബർ 1, 4 തീയതികളിൽ ഏകദേശം അരമണിക്കൂർ വൈകിയോടുമെന്നും റെയിൽവേ അറിയിച്ചു.
യാത്രക്കാർ യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും സർവീസ് വിവരങ്ങളും പരിശോധിക്കണമെന്ന് റെയിൽവേ നിർദേശിക്കുന്നു.




