ബെംഗളൂരു: ഇന്ത്യൻ ഹോക്കി ടീം മുൻനായകൻ എം.എം. സോമയ്യയുടെ വീട്ടിൽ മോഷണം. 1980-ലെ മോസ്കോ ഒളിമ്പിക്സിൽ നേടിയ സ്വർണമെഡൽ ഉൾപ്പെടെ വിലപിടിപ്പുള്ള നിരവധി വസ്തുക്കൾ മോഷണം പോയി. ബെംഗളൂരുവിലെ ഇന്ദിരാനഗർ ന്യൂ തിപ്പസാന്ദ്രയിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. സോമയ്യയും കുടുംബവും കുടകിലെ സ്വന്തം സ്ഥലത്തേക്ക് പോയ സമയത്തായിരുന്നു മോഷണം.
ഒളിമ്പിക്സ് സ്വർണമെഡലിന് പുറമെ ഏഷ്യൻ ഗെയിംസുകളിൽ നേടിയ മെഡലുകൾ, ആംസ്റ്റർഡാം ചാമ്പ്യൻസ് ട്രോഫിയിൽ ലഭിച്ച വെങ്കലമെഡൽ, സ്വർണനാണയം, സ്വർണാഭരണങ്ങൾ, 30,000 രൂപ എന്നിവയും മോഷണം പോയി. വെള്ളിപ്പാത്രങ്ങളും നഷ്ടമായിട്ടുണ്ട്. ആകെ 3.15 ലക്ഷം രൂപയുടെ വസ്തുക്കൾ കവർന്നതായാണ് പരാതി.
ഒക്ടോബർ 25-ന് കുടകിലേക്ക് പോയ സോമയ്യയും കുടുംബവും 28-ന് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രണ്ടുപേർ വാതിൽ കുത്തിത്തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക സൂചന.




