തിരുവനന്തപുരം: അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരനേതാവ് വളർമതി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേ നിലപാട് ആവർത്തിക്കുകയാണെന്നും സാമ്പത്തിക ബാധ്യതയില്ലാത്ത അഞ്ച് ആവശ്യങ്ങളാണ് ചർച്ചയിൽ മുന്നോട്ടുവെച്ചതെന്നും വളർമതി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാർഥി അനുപാതം കുറച്ച് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അവർ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയുടെ പേരിൽ ഈ ആവശ്യം തള്ളിക്കളയുന്നത് അംഗീകരിക്കാനാകില്ലെന്നും വളർമതി വ്യക്തമാക്കി.
തനിക്കെതിരെ സർക്കാർ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമരവുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും അവർ പറഞ്ഞു. നാല് ആവശ്യങ്ങൾ അംഗീകരിച്ചുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്നും വളർമതി ആരോപിച്ചു.
സാമ്പത്തിക ബാധ്യതയുണ്ടെന്ന വാദം ഉന്നയിച്ച് സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. എല്ലാ സ്കൂളുകളിലും അനുപാതം കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഡിവിഷൻ ഫാൾ ഉണ്ടാകുന്ന സ്കൂളുകളിലെങ്കിലും അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും വളർമതി ആവശ്യപ്പെട്ടു.
അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് വളർമതിയുടെ പ്രതികരണം.



