ഉഡുപ്പി: ജീവനൊടുക്കാൻ നദിയിൽ ചാടിയ യുവതിയെ മുതല ആക്രമിച്ചു. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കർണാടകയിലെ കുക്കെ സുബ്രഹ്മണ്യത്തിൽ കുമാരധാര പാലത്തിന് സമീപമാണ് സംഭവം.
ബുധനാഴ്ച രാത്രിയാണ് വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്ന് യുവതി നദിയിൽ ചാടിയത്. വെള്ളത്തിൽ വീണതിന് പിന്നാലെ മുതലയുടെ ആക്രമണത്തിനിരയായ യുവതിക്ക് നിസാര പരിക്കേറ്റതായി പൊലീസ് അറിയിച്ചു. മുതല കടിച്ചതിനെ തുടർന്ന് യുവതി സഹായത്തിനായി നിലവിളിക്കുകയായിരുന്നു.
നിലവിളി കേട്ട സമീപത്തെ ലോഡ്ജിലെ ജീവനക്കാർ ഉടൻ സുബ്രഹ്മണ്യ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ നദിയിൽ നിന്ന് കരയിലെത്തിച്ചു.
തുടർന്ന് യുവതിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി. പിന്നീട് കൗൺസിലിംഗ് നൽകിയ ശേഷം കുടുംബാംഗങ്ങൾക്കൊപ്പം വിട്ടയച്ചു.
സംഭവത്തിൽ ഇതുവരെ പരാതിയൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് യുവതിയുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.




