പാലക്കാട്: ഒറ്റപ്പാലം വരോട് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിനോദയാത്രയ്ക്ക് പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിലുണ്ടായിരുന്ന 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെയുള്ളവർ സുരക്ഷിതരായി രക്ഷപ്പെട്ടു.
ശനിയാഴ്ച പുലർച്ചെയാണ് വരോട് കെപിഎസ്എംഎം വിഎച്ച്എസ്ഇ സ്കൂളിൽനിന്നുള്ള സംഘം യാത്ര തിരിച്ചത്. കൊടൈക്കനാൽ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകുന്നതിനിടെ തേനി ജില്ലയിലെ ദേവധാനപ്പെട്ടിയിലാണ് സംഭവം.
രാവിലെ 11 മണിയോടെ പ്രഭാതഭക്ഷണം കഴിഞ്ഞ് ബസിലേക്ക് കയറുന്നതിനിടെ പിൻവശത്തെ ടയർ പൊട്ടി. തുടർന്ന് യാത്രക്കാർ എല്ലാവരും ബസിൽനിന്ന് പുറത്തിറങ്ങി പരിശോധിച്ചു. ഇതിനിടെ ടയർ പൊട്ടിയ ഭാഗത്തുനിന്ന് തീ പടരുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ബസിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിച്ചു.
ഉടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. അഗ്നിരക്ഷാസേന എത്തി തീ അണച്ചെങ്കിലും ബസിന്റെ പകുതിയിലധികം ഭാഗവും കത്തിനശിച്ചു. യാത്രാസംഘത്തിന്റെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും ബസിനുള്ളിൽ കത്തിനശിച്ചു. ടയർ പൊട്ടിയതിനെ തുടർന്ന് എല്ലാവരും നേരത്തെ പുറത്തിറങ്ങിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.


