വാഷിങ്ടൺ: തന്റെ കുടിയേറ്റ നയങ്ങൾ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായെന്ന് സമ്മതിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരെപ്പോലും നാടുകടത്തിയത് ചില വോട്ടർമാരെ പാർട്ടിയിൽ നിന്ന് അകറ്റി. കുടിയേറ്റ നിയന്ത്രണ നടപടികൾ കുറച്ച് കടുത്തുപോയെന്ന് കരുതുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക-മെക്സിക്കോ അതിർത്തി അടച്ചതിൽ തനിക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചെന്നും കുറ്റവാളികളെ പുറത്താക്കിയ നടപടിക്ക് മികച്ച അംഗീകാരം ലഭിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, നാടുകടത്തൽ നടപടികൾ വർഷങ്ങളായി അമേരിക്കയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന അനധികൃത കുടിയേറ്റക്കാരെയും ബാധിച്ചെന്ന് അദ്ദേഹം സമ്മതിച്ചു.
‘നല്ല ജോലികൾ ചെയ്തിരുന്നവരെയും ഞങ്ങൾ പുറത്താക്കി. അവർ ചെയ്ത നിയമലംഘനം നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിച്ചു എന്നത് മാത്രമായിരുന്നു. ഇതും എനിക്ക് തിരിച്ചടിയായി. കുടിയേറ്റക്കാരോടുള്ള ഈ സമീപനം ചില വോട്ടർമാരുടെ അതൃപ്തിക്ക് കാരണമായി.’ -ട്രംപ് പറഞ്ഞു.


